ദോഹ: ദക്ഷിണ കൊറിയയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി ക്വാർട്ടറിൽ പ്രവേശിച്ചിരിക്കുകയാണ് ബ്രസീൽ. കളി പകുതി സമയം പിന്നിടുമ്പോഴേക്കും നാല് ഗോളുകൾ നേടി കാനറികൾ ആധിപത്യം ഉറപ്പിച്ചിരുന്നു. 76-ാം മിനിറ്റിൽ ദക്ഷിണ കൊറിയയ്‌ക്ക് വേണ്ടി ആശ്വാസ ഗോൾ നേടാൻ പയ്ക് സ്യൂങ് ഹോയ്‌ക്ക് കഴിഞ്ഞെങ്കിലും ബ്രസീലിന്റെ കനത്ത പ്രതിരോധത്തെ മറികടക്കാൻ കൊറിയയ്‌ക്കായില്ല. ഒന്നിനെതിരെ നാലു ഗോളുകൾക്ക് കാനറികൾ ഒടുവിൽ വിജയികളായി.
ഈ സന്തോഷം സാംബ നൃത്തത്തിലൂടെയാണ് ബ്രസീലിയൻ താരങ്ങൾ ആഘോഷിച്ചത്. മത്സരം നടന്ന സ്‌റ്റേഡിയം 974ൽ മഞ്ഞപ്പടയെ പിന്തുണയ്‌ക്കാനെത്തിയവരെ ആവേശഭരിതരാക്കിയായിരുന്നു താരങ്ങളുടെ സാംബ നൃത്തം. ഗോൾ നേടിയ നെയ്മറും വിനീഷ്യസ് ജൂനിയറും, മിഡ് ഫീൽഡർ ലൂകാസ് പാക്വിറ്റയും കൂടാതെ റഫിൻഹയും ചേർന്ന് രസകരമായ നിമിഷങ്ങൾ കാണികൾക്ക് സമ്മാനിച്ചു.
വീഡിയോ കാണാം…
The Samba Dance 🔥🔥 Brazil pic.twitter.com/8cLSibWoMm
— BEST ESSAY HELP / ASSIGNMENT HELP / HOMEWORK HELP (@TopEssaysHelp) December 5, 2022
വലതുകണങ്കാലിന് പരിക്കേറ്റ് രണ്ട് മത്സരങ്ങളിൽ നിന്ന് മാറി നിന്ന നെയ്മറിന്റെ തകർപ്പൻ തിരിച്ചുവരവായിരുന്നു ദക്ഷിണ കൊറിയയ്‌ക്കെതിരായ മത്സരം. വിനീഷ്യസ് ജൂനിയർ ഏഴാം മിനിറ്റിൽ ആദ്യ ഗോൾ നേടിയപ്പോൾ പെനാൽറ്റിയിലൂടെ രണ്ടാം ഗോൾ സ്വന്തമാക്കാൻ നെയ്മറിനും കഴിഞ്ഞു. റിച്ചാർലിസണും പാക്വിറ്റയുമായിരുന്നു പിന്നീട് ബ്രസീലിനായി വല കുലുക്കിയത്.
കരുത്തരായ ക്രോയേഷ്യയെയാണ് കാനറികൾ ഇനി ക്വാർട്ടറിൽ നേരിടേണ്ടി വരിക. ആറാം ലോകകപ്പ് ലക്ഷ്യമിട്ട് മഞ്ഞപ്പട ഒരുമ്പെട്ടിറങ്ങുമ്പോൾ 2018ൽ ലോകകപ്പ് റണ്ണറപ്പായ ക്രൊയേഷ്യ കാനറികൾക്ക് വെല്ലുവിളിയാകും.













