ന്യൂഡൽഹി: ഡൽഹി എംസിഡി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് വിജയം. 250ൽ 134 സീറ്റുകൾ നേടിയാണ് ആം ആദ്മി പാർട്ടി വിജയിച്ചത്. 42.2 ശതമാനം വോട്ടുകളാണ് അവർ നേടിയത്.
103 സീറ്റുകളിൽ വിജയവുമായി ബിജെപി ശക്തമായ പോരാട്ടം കാഴ്ചവെച്ചു. എക്സിറ്റ് പോൾ ഫലങ്ങളെയെല്ലാം മറികടന്ന് 39 ശതമാനം വോട്ട് നേടാൻ ബിജെപിക്ക് സാധിച്ചു. ഡൽഹിയിൽ ഭരണവിരുദ്ധ വികാരം ഉണ്ടായില്ല എന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.
കോൺഗ്രസിന്റെ സമ്പൂർണ്ണമായ പതനം അരക്കിട്ടുറപ്പിക്കുന്നതാണ് ഡൽഹി എംസിഡി തിരഞ്ഞെടുപ്പ്. 30 സീറ്റിൽ നിന്നും 9 സീറ്റിലേക്ക് കൂപ്പുകുത്തിയ പാർട്ടി, 21 ശതമാനം വോട്ട് വിഹിതത്തിൽ നിന്നും 12 ശതമാനത്തിലേക്കാണ് പതിച്ചത്.
ദയനീയമായ പ്രകടനമാണ് സിപിഎമ്മും സിപിഐയും ഡൽഹി തിരഞ്ഞെടുപ്പിൽ കാഴ്ചവെച്ചത്. മത്സരിച്ച എല്ലാ സീറ്റുകളിലും പരാജയപ്പെട്ട ഇരു പാർട്ടികളും നേടിയത് 0.01 ശതമാനം വോട്ടാണ്. സ്വതന്ത്രർക്ക് 3.42 ശതമാനം വോട്ടും നോട്ടക്ക് 0.79 ശതമാനം വോട്ടും ലഭിച്ചു.
Comments