നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പഴങ്ങളിൽ പോഷക ഗുണങ്ങളിൽ മുന്നിലുള്ള ഒന്നാണ് പൈനാപ്പിൾ അഥവാ കൈതച്ചക്ക. രുചി കൊണ്ടും ഗുണം കൊണ്ടും പലരുടെയും ഇഷ്ട ഭക്ഷണവുമാണിത്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ നൽകാൻ കഴിയുന്ന പഴം. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ കൈതച്ചക്കയ്ക്കുണ്ട്. വൈറ്റമിൻ സി-യും എ-യും ധാരാളമടങ്ങിയ ഈ പഴത്തിൽ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതു കൂടാതെ മഗ്നീഷ്യവും ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് എന്നിവയും ഇതിലുണ്ട്. ഗുണങ്ങളേറെ ഉണ്ടെങ്കിലും കൈതച്ചക്ക കഴിക്കുന്നതിന് ചില സമയങ്ങളുണ്ട്. സമയം മാറി കഴിച്ചാൽ ഗുണത്തിന് പകരം ആരോഗ്യത്തിന് ദോഷകരമായി മാറും കൈതച്ചക്ക.
കൈതച്ചക്ക കഴിക്കാൻ അനുയോജ്യമായ സമയം പലർക്കും അറിയണമെന്നില്ല. രാവിലെ വെറും വയറ്റിൽ പൈനാപ്പിൾ കഴിക്കാതിരിക്കാനാണ് നാം പ്രധാനമായും ശ്രദ്ധിക്കേണ്ടത്. വെറും വയറ്റിൽ കൈതച്ചക്ക കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. കൈതച്ചക്ക കഴിക്കുന്നതിന് ആരോഗ്യ വിദഗ്ദർ ചില സമയങ്ങൾ നിർദ്ദേശിക്കുന്നത്. പഴത്തിന്റെ ഗുണങ്ങൾ ശരീരത്തിന് പ്രയോജനകരമാകണമെങ്കിൽ നിർദ്ദേശിക്കുന്ന സമയങ്ങളിൽ മാത്രം കഴിക്കുക. കൈതച്ചക്ക കഴിക്കാൻ ഏറ്റവും നല്ല സമയം രാവിലെ ഏകദേശം 10-11 മണിയോ അല്ലെങ്കിൽ വൈകുന്നേരം ഏകദേശം 4:30 മണിയോ ആണെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.
ക്യാൻസറിനെ വരെ പ്രതിരോധിക്കാൻ കഴിയുന്ന പഴമാണ് പൈനാപ്പിൾ. ബ്രോമെലെയ്ൻ എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം ഇവയിലുണ്ട്. ഇതിന് ക്യാൻസറിനെ പ്രതിരോധിക്കാനും വ്രണങ്ങളെ തടയാനുമുള്ള കഴിവുണ്ട്. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം എല്ലുകളെ ശക്തിപ്പെടുത്താനും പൈനാപ്പിളിന് കഴിയും. ദഹനം, ഹൃദയാരോഗ്യം, രോഗപ്രതിരോധ ശേഷി, ചർമത്തിന്റെ ആരോഗ്യം എന്നിവയ്ക്കെല്ലാം ഉത്തമ ഭക്ഷണാണ് കൈതച്ചക്ക. എന്നാൽ ആരോഗ്യവിദഗ്ദർ നിർദ്ദേശിച്ച സമയങ്ങളിൽ കഴിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്.
Comments