തൃശ്ശൂർ: ചാവക്കാട് കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. എടക്കഴിയൂർ സ്വദേശി മൻസൂർ, മുളച്ചൽ സ്വദേശികളായ ചന്ദ്രൻ, ബാലൻ എന്നിവരെയാണ് കാണാതായത്. ഇവർ പോയ ഫൈബർ വള്ളം കടലിൽ മുങ്ങിയിരുന്നു.
വൈകീട്ടോടെയായിരുന്നു മൂന്ന് പേരെയും കണ്ടെത്തിയത്. വള്ളം മുങ്ങിയതോടെ മൻസൂർ പൊന്നാനി തീരത്തേക്ക് നീന്തിക്കയറിയിരുന്നു. ചന്ദ്രനെയും ബാലനെയും കോസ്റ്റൽ പോലീസാണ് രക്ഷിച്ചത്.
തിങ്കളാഴ്ചയായിരുന്നു മൂവർ സംഘം മത്സ്യ ബന്ധനത്തിനായി കടലിൽ പോയത്. ചൊവ്വാഴ്ച രാവിലെ ഇവർ തിരിച്ചെത്തേണ്ടത് ആയിരുന്നു. എന്നാൽ ഉച്ചയായിട്ടും ഇവർ തിരികെ വന്നില്ല. ഇവരെ ഫോണിൽ ഉൾപ്പെടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ കോസ്റ്റൽ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
മാൻദൗസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് മൂന്ന് പേരും കടലിൽ പോയത്. ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് വള്ളം മുങ്ങുകയായിരുന്നു.
Comments