കൊച്ചി: 5ജി ഇന്ന് മുതൽ കേരളത്തിലും. കൊച്ചി നഗരസഭ പരിധിയിൽ തിരഞ്ഞെടുത്ത ചില ഇടങ്ങളിൽ ചൊവ്വാഴ്ച മുതൽ 5ജി സേവനങ്ങൾ ലഭ്യമാകും. റിലയൻസ് ജിയോ ആണ് സേവനങ്ങൾ നൽകുക. 5ജി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം 5ജി വിദ്യാഭ്യാസ, മെഡിക്കൽ, തൊഴിൽ മേഖലകളിലടക്കം വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെ എന്നതിൽ വിശദമായ അവതരണവും നടക്കും.
തിരഞ്ഞെടുത്ത മേഖലകളിലെ തിരഞ്ഞെടുത്ത വ്യക്തികൾക്ക് വരുന്ന കുറച്ച് ദിവസത്തേക്ക് ട്രയൽ റണ്ണായി ആകും 5ജി ലഭിക്കുക. അതിന് ശേഷം തിരഞ്ഞെടുത്ത കൂടുതൽ സ്ഥലങ്ങളിൽ കൂടുതൽ വ്യക്തികളിലേക്ക് 5ജി എത്തും. 4 ജിയേക്കാൾ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5ജിയിൽ പ്രതീക്ഷിക്കുന്നത്. 5ജി ഫോണുള്ളവർക്ക് ഫോണിലെ സെറ്റിംഗ്സിൽ മാറ്റം വരുത്തിയാൽ 5ജി ലഭിക്കും. സിം കാർഡിൽ മാറ്റം വരുത്തേണ്ടതില്ല.
5ജി സേവനം ലഭ്യമാകുന്ന രാജ്യത്തെ 50 നഗരങ്ങളുടെ പട്ടിക കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള ടയർ 1, ടയർ2 നഗരങ്ങളിലാണ് ആദ്യമായി 5ജി എത്തുന്നത്. കേരളത്തിൽ കൊച്ചിയാണ് പട്ടികയിലുണ്ടായിരുന്നത്.
കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് രാജ്യത്ത് ആദ്യമായി 5ജി സേവനം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ എട്ട് പ്രധാന നഗരങ്ങളിലാണ് സേവനം ലഭ്യമാക്കിയിരുന്നത്. പിന്നീട് നവംബർ അവസാനത്തോടെ കൂടുതൽ നഗരങ്ങളിലേക്ക് 5ജി സേവനങ്ങൾ വ്യാപിപ്പിച്ചിരുന്നു.
Comments