എറണാകുളം: ഹർത്താലിന്റെ മറവിൽ വ്യാപകമായി പൊതുമുതൽ നശിപ്പിച്ച കേസിൽ പോപ്പുലർ ഫ്രണ്ടിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ ആഭ്യന്തര സെക്രട്ടറി ഇന്ന് കോടതിയിൽ ഹാജരായേക്കും. നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ആഭ്യന്തര സെക്രട്ടറിയ്‌ക്ക് കോടതി നിർദ്ദേശം നൽകിയിരുന്നു.
കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്. കുറ്റക്കാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിൽ സർക്കാർ മെല്ലെപ്പോക്ക് തുടരുകയാണ്. ഇതേ തുടർന്നായിരുന്നു കോടതിയുടെ വിമർശനം. സർക്കാരിന് അലംഭാവമാണെന്നായിരുന്നു കോടതിയുടെ പരാമർശം. അടുത്ത മാസം 31 ഓട് കൂടി റെവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയാക്കാനും സർക്കാരിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
സെപ്തംബർ 23നായിരുന്നു പോപ്പുലർ ഫ്രണ്ട് ഹർത്താൽ. എൻഐഎ പരിശോധനയ്‌ക്ക് പിന്നാലെ പോപ്പുലർ ഫ്രണ്ട് നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ നടത്തിയത്. വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറിയ ഹർത്താലിൽ കോടിക്കണക്കിന് രൂപയുടെ പൊതുമുതലാണ് നശിപ്പിക്കപ്പെട്ടത്.
Comments