ബംഗളൂരു: കർണാടകയിലെ ഹിജാബ് വാദികളെ ഹീറോകൾ എന്ന് അഭിസംബോധന ചെയ്ത് അൽ ഖ്വയ്ദ. ഇന്ത്യയെയും ഇന്ത്യൻ ഉത്പന്നങ്ങളെയും ബഹിഷ്കരിക്കാൻ മുസ്ലീം രാജ്യങ്ങളോട് അൽ ഖ്വയ്ദ ആഹ്വാനം ചെയ്തു. അറബ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഹിന്ദുക്കളെ പുറത്താക്കണമെന്നും കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് മുസ്ലീം വിഭാഗത്തിന്റെ സഹായം ഉണ്ടാവണമെന്നും ഔദ്യോഗിക പ്രസിദ്ധീകരണമായ വൺ ഉമ്മയിലൂടെ അൽ-ഖ്വയ്ദയുടെ ആഹ്വാനം. പ്രസിദ്ധീകരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നൂപുർ ശർമ്മയ്ക്കും എതിരെയും ലേഖനങ്ങളുണ്ട്.
ഇന്ത്യയ്ക്ക് എതിരെ മുസ്ലീം ജനതയും ഇസ്ലാമിക രാഷ്ട്രങ്ങളും ഒന്നിക്കണം. ഇന്ത്യയെയും ഇന്ത്യൻ ഉത്പന്നങ്ങളെയും ബഹിഷ്കരിക്കാൻ മുസ്ലീം രാജ്യങ്ങൾ തയ്യാറാവണം. അറബ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഹിന്ദുക്കളെ പുറത്താക്കണമെന്നും തീവ്രവാദ സംഘടനയായ അൽ ഖ്വയ്ദ ആഹ്വാനം ചെയ്യുന്നു. അൽ-ഖ്വയ്ദയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ വൺ ഉമ്മയുടെ അഞ്ചാം പതിപ്പിലാണ് വിദ്വേഷ പരാമർശം.
കർണാടകയിൽ ഹിജാബിന് വേണ്ടി വാദിക്കുന്നവരെ ഹീറോകൾ എന്നും അൽ ഖ്വയ്ദ വിശേഷിപ്പിക്കുന്നു. ഇന്ത്യയിലെ ഹിന്ദു സർക്കാരിനെതിരെ ഐക്യപ്പെടണം. മുസ്ലീം ലോകത്തെ നിശബ്ദതയാണ് പരിധികൾ ലംഘിച്ച് പ്രവാചകനെ അപമാനിക്കാൻ ഇന്ത്യയിലെ ഹിന്ദു സർക്കാരിനെ പ്രോത്സാഹിപ്പിക്കുന്നതെന്നും അൽ ഖ്വയ്ദ പ്രസിദ്ധീകരണം പറയുന്നു. വൺ ഉമ്മയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും നൂപുർ ശർമ്മക്കെതിരെയും പരാമർശമുണ്ട്.
നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്നവരെ പ്രവാചകന്റെ പെനിൻസുലയിൽ താമസിക്കാൻ അനുവദിക്കുന്നത് നാണക്കേടാണെന്നും ലേഖനത്തിൽ പറയുന്നു. കശ്മീർ താഴ്വരയിൽ തീവ്രവാദ പ്രവർത്തനത്തിന് മുസ്ലീം വിഭാഗത്തിന്റെ സഹായം ഉണ്ടാവണമെന്നും അൽ ഖ്വയ്ദ ആവശ്യപ്പെടുന്നു. സൊമാലിയയിലെ അൽ-ഖ്വയ്ദയുടെ സാന്നിദ്ധ്യത്തെപ്പറ്റിയും പരാമർശമുണ്ട്. കൊല്ലപ്പെട്ട അൽ ഖ്വയ്ദ നേതാക്കളെ കുറിച്ച് അയ്മാൻ അൽ-സവാഹിരി വിവരിക്കുന്ന ”സഹാബ്” ലേഖനങ്ങളും പ്രസിദ്ധീകരണത്തിലുണ്ട്. എന്നാൽ സവാഹിരി ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നതിനെ കുറിച്ച് പ്രസിദ്ധീകരണം ഒരു സൂചനയും നൽകുന്നില്ല.
തലഹന്ദക് യുദ്ധത്തിനിടെ ഫ്രഞ്ച് ഓപ്പറേഷനിൽ കൊല്ലപ്പെട്ട അൽ-ഖ്വയ്ദയുടെ മുൻ അമീർ ഇസ്ലാമിക് മഗ്രിബ് അബ്ദുൽമലേക് ഡ്രൂക്ക്ഡെൽ അഥവാ അബു മുസാബ് അബ്ദുൽ വദൂദിന്റെ ജീവചരിത്രവും വൺ ഉമ്മയിലൂടെ അൽ-ഖ്വയ്ദ പ്രചരിപ്പിക്കുന്നുണ്ട്.
Comments