ഇസ്ലാമാബാദ്: ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാക് സർക്കാരിനെതിരെ ഭീഷണിയുമായി തെഹ്രീകെ താലിബാൻ പാകിസ്താൻ. പാക് സർക്കാരിനെതിരെ മതയുദ്ധം ആരംഭിക്കുമെന്നാണ് ടിടിപി കമാൻഡർ ഒമർ ഷാഹിദ് ഭീഷണിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
‘ബദർ യുദ്ധത്തിൽ പ്രവാചകന്റെ അനുചരന്മാരുടെ കാൽപ്പാടുകൾ പിന്തുടർന്ന് ഞങ്ങൾ പാകിസ്താൻ ജിഹാദിൽ ബലിയർപ്പിക്കുന്നു. ദൈവം ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ പാകിസ്താനെ മോചിപ്പിക്കുകയും അടിമത്തത്തിന്റെ ചങ്ങലകൾ തകർക്കുകയും ചെയ്യുമെന്നാണ് ‘വീഡിയോയിൽ പറയുന്നത്.
പാകിസ്താനിൽ ബലപ്രയോഗത്തിലൂടെ ശരീഅത്ത് നടപ്പാക്കുകയാണ് തെഹ്രീകെ താലിബാൻ പകിസ്താന്റെ ലക്ഷ്യം. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സ്വന്തം പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന നിരവധി പ്രദേശങ്ങളിലും ടിടിപി ഭീകരർ സജീവമാണ്. ഇവർ പ്രദേശത്തെ പോലീസിന്റെ സഹായത്തോടെ ആക്രമണം നടത്തുന്നതും ഇപ്പോൾ നിത്യസംഭവമാണ്.
അതേസമയം തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്ന പാക്സർക്കാറും പാകിസ്താൻ താലിബാനും ചേർന്നുള്ള ഒത്തുകളി നാടകമാണ് ഈ ഭീഷണി വീഡിയോയെന്നും എ ടീമും ബി ടീമും തമ്മിലുള്ള പ്രശ്നമാണെന്നും സമൂഹമാദ്ധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.
Comments