തിരുവനന്തപുരം : സിഗ്നലിൽ കാത്തുനിന്ന് ബൈക്കുകൾക്ക് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം. തിരുവനന്തപുരം കിളിപ്പാലത്താണ് സംഭവം. അപകടത്തിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസാണ് ബൈക്കുകളിലേക്ക് ഇടിച്ചു കയറിയത്. ഉച്ചയോടെയാണ് സംഭവം. സിഗ്നലിൽ കാത്ത് കിടക്കുകയായിരുന്ന ബൈക്കുകൾക്ക് മുകളിലേക്ക് കെഎസ്ആർടിസി ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റി. ഒരു ബൈക്ക് ബസിനടിയിൽ പെട്ട് പൂർണമായും തകർന്നു.
ബസ് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അതേസമയം ബസിന്റെ ബ്രേക്ക് തകരാറ് മൂലമാണ് അപകടമുണ്ടായത് എന്ന് വരുത്തിത്തീർക്കാനുളള ശ്രമങ്ങളാണ് നടന്നത്. അപകടം ഉണ്ടായ ഉടൻ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് മെക്കാനിക്ക് വന്ന് വാഹനത്തിന്റെ ബ്രേക്ക് അഴിച്ചുവിട്ടു എന്നാണ് നാട്ടുകാരുടെ ആരോപണം. തുടർന്ന് മെക്കാനിക്കിനെയും ഡ്രൈവറെയും നാട്ടുകാർ ഏറെ നേരം തടഞ്ഞുവെച്ചു. പോലീസ് എത്തിയാണ് ഇവരെ വിട്ടത്.
Comments