തിരുവനന്തപുരം: കാര്യവട്ടത്ത് നടന്ന ഏകദിന മത്സരത്തിൽ കാണികൾ കുറഞ്ഞ സംഭവത്തിൽ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പിന്തുണച്ച് സിപിഎം. മന്ത്രിയുടെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു. മന്ത്രിയുടെ പരാമർശം തെറ്റാണെന്നായിരുന്നു സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ചൂണ്ടിക്കാട്ടിയത്. തുടർന്ന് കായിക മന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയ പന്ന്യൻ രവീന്ദ്രനെ വിമർശിച്ച് രംഗത്തെത്തുകയായിരുന്നു സിപിഎം.
കാണികൾ കുറയാൻ പല കാരണങ്ങളാണുള്ളത്. കായിക മന്ത്രി തന്നെ ഇതിന് മറുപടി നൽകിയതാണ്. അല്ലാതെ മറ്റൊന്നും ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ പ്രതികരിച്ചു.
കാണികൾ കുറഞ്ഞത് കായികമന്ത്രി വി. അബ്ദുറഹ്‌മാന്റെ വിവാദ പരാമർശം മൂലമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശനും വിമർശിച്ചിരുന്നു. കായിക മന്ത്രിയുടേത് അഹങ്കാരത്തിന്റെ സ്വരമാണെന്നും കേരളത്തിലെ സാധാരണ ജനങ്ങളെ അപമാനിച്ച മന്ത്രി തൽസ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എന്നാൽ വി.ഡി സതീശന്റെ ആരോപണം രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് സിപിഎം പ്രതികരിച്ചു.
Comments