കൊല്ലം: കൊല്ലം തീരത്തിന്റെ ആഴക്കടലിൽ ക്രൂഡ് ഓയിൽ പര്യവേക്ഷണത്തിന് പദ്ധതിയുമായി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. പദ്ധതിയുടെ ആദ്യ ഘട്ടമായി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഓയിൽ ഇന്ത്യ ടെൻഡർ നടപടികൾ ആരംഭിച്ചു.
കന്യാകുമാരി മുതൽ കൊല്ലം വരെയുള്ള തീരങ്ങളിൽ കുറഞ്ഞ അളവിലുള്ള ഇന്ധന സാന്നിധ്യം പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം പ്രതീക്ഷിക്കുന്നുണ്ട്. ഇത് മുൻനിർത്തിയാണ് കൊല്ലം തീരത്തെ പര്യവേഷണത്തിന് സാധ്യത തെളിഞ്ഞത്. പതിനെട്ട് ബ്ലോക്കുകളിലായാണ് പര്യവേക്ഷണത്തിനായുള്ള സർവേ ആരംഭിക്കുക.
കൂറ്റൻ കിണറുകൾ നിർമ്മിച്ചാകും പര്യവേക്ഷണം നടക്കുക. ഇതിന്റെ ഭാഗമായി കിണറുകളുടെ അന്തിമ രൂപരേഖ ഉടൻ പൂർത്തിയാകും. കിണറുകളോട് ചേർന്ന് നങ്കൂരമിടുന്ന കപ്പലുകളിലാണ് ഇന്ധന സാധ്യത പരിശോധിക്കാനുള്ള സംവിധാനങ്ങൽ ഒരുക്കുക. ഡയറക്ടർ ജനറൽ ഓഫ് ഹൈഡ്രോ കാർബണിൽ നിന്നാണ് കൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണത്തിന് ഓയിൽ ഇന്ത്യ ലിമിറ്റഡ് കരാറെടുത്തത്.
Comments