മലപ്പുറം: ആർഎസ്എസ് ശാഖയിലേക്ക് പോലീസ് സംരക്ഷണത്തിൽ മാർച്ച് നടത്തി ഡിവൈഎഫ്ഐ. മലപ്പുറം കോട്ടക്കലിലാണ് സംഭവം. കോട്ടയ്ക്കൽ ശിവക്ഷേത്രത്തിന് മുന്നിൽ കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന ശാഖയിലേക്കാണ് ഇരുപതോളം വരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയത്. ക്ഷേത്ര മുറ്റത്ത് ശാഖ നടത്താൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു മാർച്ച്.
എന്നാൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിട്ടും ശാഖ നിർത്താൻ ആർഎസ്എസ് പ്രവർത്തകർ തയാറായില്ല. പ്രാർത്ഥന പാടി ശാഖ അവസാനിപ്പിച്ചാണ് പ്രവർത്തകർ മടങ്ങിയത്. സമാധാനവമായി ഒത്തുകൂടിയ ആർഎസ്എസ് പ്രവർത്തകർക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചിട്ടും പോലീസ് നോക്കി നിൽക്കുകയാണ് ചെയ്തത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
സംഭവത്തിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തുവന്നിരുന്നു. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി കൂടെ നിർത്താനുള്ള ഈ തറവേല അവസാനിപ്പിക്കുന്നതാണ് ഡിവൈഎഫ്ഐയ്ക്ക് നല്ലതെന്ന് സുരേന്ദ്രൻ പറഞ്ഞു. പിണറായിയിലെ പാറപ്പുറത്തും ആലപ്പുഴയിലെ പുന്നപ്രയിലും സംഘത്തിന് ശാഖയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സംഭവത്തിന്റെ വീഡിയോ ട്വിറ്റർ അടക്കമുള്ള സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി. വലിയ ആരവത്തോടെ വന്ന് പരിഹാസ്യരായി മടങ്ങിയ ഡിവൈഎഫ്ഐയ്ക്കെതിരെ ട്രോളുകളും സജീവമായിരിക്കുകയാണ്.
Comments