മുംബൈ: കേന്ദ്ര സർക്കാരിനെ വാനോളം പ്രശംസിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും സർക്കാർ രൂപീകരിക്കുന്നതിൽ തന്നെ പിന്തുണച്ചതിന് നന്ദി അറിയിക്കുകയും ചെയ്തു. ഏകനാഥ് ഷിൻഡെ പക്ഷത്തെ യഥാർത്ഥ ശിവസേനയായി പ്രഖ്യാപിക്കുകയും പാർട്ടി ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കാൻ അനുമതി ലഭിച്ചതിന് പിന്നാലെയായാണ് മോദി സർക്കാരിന് നന്ദി അറിയിച്ചത്.
“ഷിൻഡേജി, നിങ്ങൾ മുന്നോട്ട് പോകൂ, ഞങ്ങൾ ഒരു പാറ പോലെ നിങ്ങളുടെ പിന്നിൽ ഉറച്ച് നിൽപ്പുണ്ട്.” സർക്കാർ രൂപികരണ സമയത്ത് പ്രധാനമന്ത്രി മോദിയും അമിത് ഷായും പറഞ്ഞത് ഇതായിരുന്നെന്ന് ഏകനാഥ് ഷിൻഡെ വ്യക്തമ്ക്കി.
“രാജ്യത്തെ മാത്രമല്ല, ലോകത്തിലെ തന്നെ ഒന്നാം നമ്പർ നേതാവാണ് നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ അനുഗ്രഹം സംസ്ഥാന സർക്കാരിനൊപ്പം ഉള്ളതിൽ ഞാൻ ഭാഗ്യവാനാണ്.”- ഷിൻഡെ പറഞ്ഞു.
“രാജ്യത്ത് നിലനിൽക്കുന്നത് അംബേദ്കർ തയ്യാറാക്കിയ ഭരണഘടനയാണ്. ആ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ സർക്കാർ രൂപീകരിച്ചത്. പാർട്ടി ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കാൻ അനുമതി ലഭിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഞാൻ നന്ദി പറയുന്നു,”- അദ്ദേഹം കൂട്ടിചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണായക പ്രഖ്യാപനമുണ്ടായത്. ഇതോടെ മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിന് പരിസമാപ്തിയായി. ബാൽസാഹേബ് താക്കറെയുടെ ആദർശങ്ങൾ പിന്തുടരുന്ന ശിവസേനയായി ഷിൻഡെ പക്ഷത്തെ പ്രഖ്യാപിക്കുകയും ചിഹ്നം നൽകുകയും ചെയ്തു. തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുന്ന ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടിയാണിത്.
Comments