ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ പൊങ്കാല ഉത്സവം തിങ്കളാഴ്ച ആരംഭിക്കും .ഇതിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ക്ഷേത്ര പരിസരത്ത് ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനുള്ള ബാരിക്കേഡുകളുടെ നിർമാണം പൂർത്തിയായി. ദീപാലങ്കാരങ്ങൾ സജ്ജീകരിക്കുന്ന അവസാന വട്ട ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. തിങ്കളാഴ്ച പൊങ്കാല ഉത്സവം ആരംഭിക്കും. അടുത്ത മാസം 7 നാണ് പൊങ്കാല.
ക്ഷേത്രത്തിലെ പ്രധാന നടപ്പന്തലിനു മുന്നിൽ നിർമിച്ചിരിക്കുന്ന താത്ക്കാലിക ബാരിക്കേഡുകളിൽ ഒരേ സമയം നാലായിരം പേരെ ഉൾക്കൊള്ളാണ് പറ്റും . കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്ത ശേഷം നടത്തുന്ന ഉത്സവമായതിനാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ഭക്തർ എത്തുമെന്ന കണക്കുകൂട്ടലിലാണ് ബാരിക്കേഡുകളുടെ എണ്ണം കൂട്ടിയതെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
800 വനിതാ പൊലീസുകാരുള്‍പ്പെടെ 3300 പൊലീസുകാരെ പൊങ്കാല ദിനത്തിൽ സുരക്ഷയ്‌ക്കായി വിന്യസിക്കും. നഗരത്തിലെ വിവിധ ഇടങ്ങളില്‍ സിസിടിവികള്‍ സ്ഥാപിക്കും. മലയാളത്തിലും തമിഴിലും അറിയിപ്പ് ബോര്‍ഡുകള്‍ ഉണ്ടാകും. ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്‍കൂട്ടി ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും ഡിസിപി അജിത് വി പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പരിശോധനകളും ബോധവത്കരണവും ശക്തമാക്കും.
27 ആംബുലന്‍സുകള്‍ സജ്ജീകരിക്കും. ക്ഷേത്രപരിസരത്ത് ആരോഗ്യവകുപ്പിന്റെ കണ്ട്രോള്‍ റൂമും എമര്‍ജന്‍സി മെഡിക്കല്‍ സെന്ററും ഏര്‍പ്പെടുത്തും. പൊങ്കാലയില്‍ ഹരിത പ്രോട്ടോകോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ശുചിത്വമിഷനും കോര്‍പ്പറേഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡും സംയുക്തമായി ഉറപ്പാക്കും. 27 മുതല്‍ കെഎസ്ആര്‍ടിസി പത്ത് വീതം ദീര്‍ഘ, ഹ്രസ്വ ദൂര സര്‍വ്വീസുകളും ഇലക്ട്രിക് ബസ് സര്‍വ്വീസും ഏര്‍പ്പെടുത്തും.
പൊങ്കാല ദിവസം മാത്രം 400 ബസുകള്‍ സര്‍വീസ് നടത്തും. മുന്‍വര്‍ഷം 250 ബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്. കുടിവെള്ള വിതരണത്തിനായി വാട്ടര്‍ അതോറിറ്റി 1270 താല്‍കാലിക ടാപ്പുകള്‍ സജ്ജീകരിക്കും. കോര്‍പ്പറേഷനിലെ 40 വാര്‍ഡുകളിലായി 4500 ഓളം തെരുവുവിളക്കുകള്‍ കെഎസ്ഇബി അറ്റകുറ്റപ്പണി നടത്തി പുനസ്ഥാപിക്കും. 20 ശുചിമുറികളുള്ള 3 ബയോ ടോയ്‌ലറ്റ് ബ്ലോക്കുകൾ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കും. ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റും രണ്ടു ഡസനോളം ശുചിമുറികൾ ക്ഷേത്ര മേഖലയിൽ സ്ഥാപിക്കും.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പരിശോധനകളുമായി ഭക്ഷ്യസുരക്ഷാ വകുപ്.ഫെബ്രുവരി 27 മുതൽ ഉത്സവപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന മൊബൈൽ ലാബ് പ്രവർത്തിക്കും.
പൊങ്കാലയുടെ തലേദിവസം ഉച്ചമുതൽ പാസും ബാഡ്ജും അനുവദിച്ചിട്ടുള്ള പുരുഷൻമാർക്കു മാത്രമേ ക്ഷേത്ര പരിസരത്തേക്കു പ്രവേശനം അനുവദിക്കൂ. നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന സ്മാർട് സിറ്റി പദ്ധതിയിലെ റോഡുകളുടെ കാര്യത്തിൽ പൊങ്കാലയ്‌ക്കു മുൻപ് ഒന്നും ചെയ്യാനാവില്ലെന്നു നഗരസഭയും വ്യക്തമാക്കി.
Comments