ഇടുക്കി: വീട്ടിൽ നിന്ന് 75 കിലോ കുരുമുളക് മോഷണം പോയ സംഭവത്തിൽ ഗൃഹനാഥന്റെ അനുജൻ പിടിയിൽ. രാജമുടി പതിനേഴു കമ്പനി മണലേൽ അനിൽ കുമാറാണ് അറസ്റ്റിലായത്. മുരിക്കാശ്ശേരി പോലീസാണ് പ്രതിയെ പിടികൂടിയത്. മോഷണ വിവരം ഗൃഹനാഥനെയും പോലീസിനെയും അറിയിച്ചത് പ്രതി തന്നെയായിരുന്നു.
അനിൽ കുമാറിന്റെ ജ്യേഷ്ഠനായ വിശ്വനാഥനും കുടുംബവും തീർത്ഥാടനത്തിന് പോയ സമയത്തായിരുന്നു വീട്ടിൽ മോഷണം നടന്നത്. തുടർന്ന് സംഭവത്തെക്കുറിച്ച് വിശ്വനാഥനെ വിവരമറിയിച്ചത് അനുജൻ അനിൽ കുമാർ തന്നെയായിരുന്നു. വീട്ടിലേക്ക് തിരിച്ചുള്ള യാത്രയ്ക്കിടയിൽ വിശ്വനാഥൻ മരിക്കുകയും ചെയ്തു. കടുത്ത മാനസിക സംഘർഷമാണ് മരണത്തിലേക്ക് നയിച്ചത്.
മരണാനന്തര ചടങ്ങുകൾക്ക് ശേഷം പോലീസ് വിശ്വനാഥന്റെ വീട്ടിലെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡ് വന്നതിന് പിന്നാലെ സമീപത്തെ അനിൽകുമാറിന്റെ വീട്ടിലേക്ക് അന്വേഷണം നീളുകയായിരുന്നു. വീട്ടിൽ അനിൽ കുമാർ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണ്. സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments