കോട്ടയം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ തനിക്ക് ഭയമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തൃശൂരിൽ അമിത് ഷാ എത്തുന്നത് എം.വി ഗോവിന്ദൻ നയിക്കുന്ന പ്രതിരോധ ജാഥയെ ഭയമാണെന്ന് പറഞ്ഞ സിപിഎം നേതാക്കളെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കണക്കിന് പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായെ ഭയമില്ലെന്ന പ്രതികരണവുമായി റിയാസ് രംഗത്തു വന്നിരിക്കുന്നത്. കുമരകത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രതികരണം.
‘അമിത്ഷായെ ഭയമില്ല. ഓണം ആഘോഷിക്കുന്ന മലയാളികളെയും പാകിസ്താനോട് ഉപമിച്ച് വയനാടിനെയും അപമാനിച്ച ആളാണ് അമിത് ഷാ. അമിത് ഷായെ ഞങ്ങൾക്കൊക്കെ ഭയമാണെന്നാണാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞത്. യുഡിഎഫിനെ വേണമെങ്കിൽ ഇതൊക്കെ പറഞ്ഞ് ഭയപ്പെടുത്താം. അവർ അതിനനുസരിച്ച് ജോഡോ യാത്രയുടെ റൂട്ടൊക്കെ ഇട്ടോളും. ഞാൻ രാഷ്ട്രീയപരമായി മാത്രമെ മറുപടി നൽകുന്നുള്ളു. വ്യക്തിപരമായി ഞാൻ ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ല. രാഷ്ട്രീയത്തെ രാഷ്ട്രീയപരമായി നേരിടാനുള്ള മര്യാദ കാണിക്കണം’ എന്നുമാണ് റിയാസിന്റെ പ്രതികരണം.
അതേസമയം, പിണറായി സർക്കാർ കേരളത്തിലെ ജനങ്ങളെ വലയ്ക്കുമ്പോൾ പ്രതിരോധ ജാഥ സംഘടിപ്പിക്കുന്ന സിപിഎമ്മിനെയും എം.വി ഗോവിന്ദനെയും സുരേന്ദ്രൻ പരിഹസിച്ചിരുന്നു. ‘കേരളത്തിൽ ഇനിയും ബിജെപിയുടെ ദേശീയ നേതാക്കൾ എത്തും. മാർച്ച് അഞ്ചിന് തൃശൂരിൽ വൻ പൊതു സമ്മേളനത്തെയാണ് അമിത് ഷാ അഭിസംബോധന ചെയ്യാൻ പോകുന്നത്. അമിത് ഷാ വരുന്നതിൽ ചിലർക്ക്, പ്രത്യേകിച്ച് മതഭീകരർക്ക് വെപ്രാളമാണ്. റിയാസ് വടക്കോട്ട് നോക്കാതെ റോഡിലെ കുഴിയടയ്ക്കാൻ നോക്ക്’ എന്നായിരുന്നു സുരേന്ദ്രന്റെ വിമർശനം.
Comments