അമരാവതി: എല്ലാ ഗ്രാമങ്ങളിലും ക്ഷേത്ര സാന്നിധ്യം ഉറപ്പുവരുത്താൻ ആന്ധ്രാപ്രദേശ് സർക്കാർ. ഇതിന്റെ ഭാഗമായി ആന്ധ്രാപ്രദേശിൽ ക്ഷേത്രനിര്‍മാണം ആരംഭിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഹിന്ദു ധര്‍മ്മത്തിന്റെ സംരക്ഷണവും പ്രചാരണവും ലക്ഷ്യമിട്ടാണ് ഇത്തരമൊരു നടപടിയെന്നും ഇതിനുവേണ്ട നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി നല്‍കിയതായും ഉപമുഖ്യമന്ത്രി കോട്ടു സത്യനാരായണ പറഞ്ഞു.
‘ഹിന്ദു ധര്‍മ്മത്തെ വലിയ തോതിൽ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി, ക്ഷേത്രങ്ങള്‍ ഇല്ലാത്ത ഇടങ്ങളില്‍ ക്ഷേത്രനിര്‍മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു’ എന്നാണ് സത്യനാരായണ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ശ്രീ വാണി ട്രസ്റ്റ് ക്ഷേത്രങ്ങളുടെ നിർമ്മാണത്തിനായി 10 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. 1,330 ക്ഷേത്രങ്ങളുടെ നിർമ്മാണം ആരംഭിച്ചിരുന്നു.
ഇതിന് പുറമെ, 1,465 ക്ഷേത്രങ്ങൾ കൂടി ഈ പട്ടികയിൽ ഉൾപ്പെടുത്തിയതായി സർക്കാർ വ്യക്തമാക്കി. കൂടാതെ, നിയമസഭാംഗങ്ങളുടെ അഭ്യർത്ഥന പ്രകാരം 200 എണ്ണം കൂടി സർക്കാർ നിർമ്മിക്കും. ബാക്കിയുള്ള ക്ഷേത്രങ്ങളുടെ നിർമാണം സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടത്തുമെന്നും കോട്ടു സത്യനാരായണ പറഞ്ഞു. ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും ക്ഷേത്രാചാരാനുഷ്ഠാനങ്ങള്‍ നടത്തുന്നതിനുമായി വകയിരുത്തിയ 270 കോടി രൂപയില്‍ 238 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
Comments