ന്യൂഡൽഹി: മേഘാലയയിൽ ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കുമെന്ന് വ്യക്തമാക്കി കോൺറാഡ് സാംഗ്മ. ബിജെപിയുടെ പിന്തുണയ്‌ക്ക് നന്ദി അറിയിക്കുന്നതായും സംസ്ഥാനത്തിന്റെ വികസനത്തിന് ഒരുമിച്ച് നിന്ന് പ്രവർത്തിക്കുമെന്നും സാംഗ്മ അറിയിച്ചു. ബിജെപി നൽകിയ പിന്തുണ കത്ത് പങ്കുവെച്ചുകൊണ്ടായിരുന്നു സാംഗ്മയുടെ ട്വീറ്റ്.
എൻപിപിക്ക് പിന്തുണ അറിയിച്ച് മുഖ്യമന്ത്രിയും പാർട്ടി അദ്ധ്യക്ഷനുമായ കോൺറാഡ് സാംഗ്മയ്‌ക്ക് ബിജെപി കത്തുനൽകിയിരുന്നു. പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സാംഗ്മയെ ഫോണിൽ ചർച്ച നടത്തി. തുടർന്നാണ് ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുമെന്ന് സാംഗ്മ അറിയിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത ദിവസം തന്നെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയും തമ്മിൽ ചർച്ച നടത്തിയിരുന്നു.
26 സീറ്റ് നേടിയ എൻപിപി ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. 11 സീറ്റ് നേടിയ യുഡിപിയാണ് ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി. ബിജെപിയ്‌ക്ക് മൂന്ന് സീറ്റുകളും ലഭിച്ചു. ഒറ്റയ്‌ക്ക് മത്സരിച്ച ബിജെപി സംസ്ഥാനത്ത് മികച്ച പ്രകടനമാണ് കാഴ്‌ച്ചവെച്ചത്.
Comments