ന്യൂഡൽഹി: നാഗാലാൻഡിൽ ബിജെപി- എൻഡിപിപി സഖ്യത്തിന് പിന്തുണ അറിയിച്ച് എൻസിപി എംഎൽഎമാർ. ഇന്ന് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. ബിജെപി സഖ്യത്തെ പിന്തുണയ്‌ക്കുന്നതായുള്ള തീരുമാനം ദേശീയ നേതൃത്വം തന്നെയാണ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
എംഎൽഎമാർ എൻഡിപിപി സഖ്യത്തിന് പിന്തുണ നൽകണമെന്ന് അറിയിക്കുകയായിരുന്നുവെന്നും ശേഷം പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരദ്പവാർ തീരുമാനം അംഗീകരിക്കുകയായിരുന്നു എന്നും എൻസിപി ദേശീയ സെക്രട്ടറി നരേന്ദ്ര വർമ്മ വ്യക്തമാക്കി. നെഫ്യു റിയോയുടെ ജനസ്വീകാര്യത പരിഗണിച്ചാണ് പ്രാദേശിക തലത്തിലുള്ള സഖ്യമെന്നും പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
നാഗാലാൻഡിൽ 13-ാം നിയമസഭയിൽ എൻസിപിയ്‌ക്ക് എംഎൽമാർ ഉണ്ടായിരുന്നില്ല. എൻഡിപിപിയ്‌ക്ക് 35, ബിജെപി 13, എൻപിഎഫ് നാല് എന്നിങ്ങനെയായിരുന്നു സഭയിൽ കക്ഷിനില. ഒരു എംഎൽഎ പോലും പ്രതിപക്ഷത്ത് ഉണ്ടായിരുന്നില്ല. എന്നാൽ 14-ാം സഭയ്‌ക്കുള്ള തിരെഞ്ഞെടുപ്പിൽ എൻഡിപിപിയ്‌ക്ക് 25 സീറ്റുകളും ബിജെപിയ്‌ക്ക് 12 സീറ്റുകളും എൽജെപി, ആർപിഐഎ എന്നിവർക്ക് രണ്ട് സീറ്റുകളും എൻസിപിയ്‌ക്ക് ഏഴ് സീറ്റുകളും നേടി. എന്നാൽ നെഫ്യു റിയോ അധികാരമേറ്റതിന് പിന്നാലെ എൻസിപി എംഎൽഎമാർ സഖ്യത്തിന് പിന്തുണ അറിയിക്കുകയായിരുന്നു.
Comments