കണ്ണൂർ: ഇപി ജയരാജന്റെ ഭാര്യ ചെയർപേഴ്‌സണായ വൈദേകം റിസോർട്ടിന്റെ ഡയറക്ടർ ബോർഡിൽ നിന്നും രാജിവെച്ച് സിപിഎം പ്രാദേശിക നേതാവ്. വൈദേകത്തിൽ ഡയറക്ടറായിരുന്ന പട്ടത്ത് രാജേഷാണ് രാജിവെച്ചത്. വ്യക്തിപരമായ കാര്യങ്ങളാലാണ് രാജിയെന്നാണ് രാജേഷ് കമ്പനിയെ അറിയിച്ചത്. രാജേഷ് കഴിഞ്ഞ വർഷം ഒക്ടോബറിൽ നൽകിയ രാജിയാണ് ഡയറക്ടർ ബോർഡ് സ്വീകരിച്ചത്.
വൈദേകം റിസോർട്ടിൽ 50 ലക്ഷം രൂപയുടെ ഷെയറും ഒരു കോടി രൂപയുടെ വായ്പയുമാണ് രാജേഷിന് ഉണ്ടായിരുന്നത്. കമ്പനിയുടെ എംഡിയുടെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് റിസോർട്ടിൽ തർക്കമുണ്ടായിരുന്നു. ഓഹരിയും വായ്പയുമായി 25 ലക്ഷം മാത്രമുണ്ടായിരുന്ന സികെ ഷാജിയെ ചെയർമാൻ സ്ഥാനത്ത് നിയമിച്ചതിന് പിന്നാലെയാണ് തർക്കം ആരംഭിച്ചത്.
അഞ്ച് മാസം മുൻപ് സ്ഥാപനം ഒന്നരക്കോടി രൂപ സമാഹരിച്ചതായാണ് രേഖകൾ പറയുന്നത്. തൃശൂർ ഏവാസ് ആയുർവേദ, കരുനാഗപ്പള്ളിയിലെ വ്യവസായി എന്നിവർ പുതിയ ഓഹരി ഉടമകളായി വന്നതായാണ് വിവരം. ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയ്‌ക്കും മകൻ ജെയ്‌സണും 12 ലക്ഷത്തിന്റെ ഓഹരികളും നൽകിയിരുന്നു. അതുവരെ ആറ് കോടി 60 ലക്ഷത്തിന്റെ ഓഹരി സമാഹരമാണ് റിസോർട്ടിനുള്ളത്.
Comments