കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തെ തുടർന്നുള്ള പുകയിൽ കൊച്ചി നഗരം കൊടുംപിരി കൊള്ളുമ്പോൾ, ഒടുവിൽ പ്രതികരിച്ച് സിനിമാ താരങ്ങളും രംഗത്തെത്തിയിരിക്കുകായണ്. ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിർദേശങ്ങളെക്കുറിച്ചുള്ള ഒരു പത്ര കുറിപ്പാണ് താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കൊച്ചി നിവാസികൾ സുരക്ഷാ മുൻകരുതൽ സ്വീകരിച്ച് സുരക്ഷിതരായി ഇരിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് നടൻ പൃഥ്വീരാജ് രംഗത്തെത്തിയിരിക്കുന്നത്. ഒപ്പം #cochin എന്നും പൃഥ്വീരാജ് കുറിച്ചിരുന്നു.
എനിക്ക് ശ്വസിക്കാനാവുന്നില്ല, എന്ന് എഴുതിയ മാസ്ക് ധരിച്ചിരിക്കുന്ന മുഖത്തിന്റെ ചിത്രം പ്രൊഫൈൽ പിക്ചർ ആയി അപ്ലോഡ് ചെയ്താണ് വിനയ് ഫോർട്ട് രംഗത്ത് എത്തിയത്. കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ ചിത്രവും ഇതിൽ കാണാം. നടൻ ടൊവിനോ തോമസും ജില്ലാ ഭരണകൂടത്തിന്റെ പത്ര കുറിപ്പാണ് പങ്കുവെച്ചിരിക്കുന്നത്. അതിനൊപ്പം സുരക്ഷിതരായി ഇരിക്കു എന്ന ഹാഷ്് ടാഗും ഉൾപ്പെടുത്തിയിട്ടുണ്ട്.
കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന എല്ലാവരോടും, നിങ്ങളുടെ കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിന്റെ കാര്യം ശ്രദ്ധിക്കാൻ ഞാൻ അഭ്യർഥിക്കുന്നു. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ അടുത്തിടെയുണ്ടായ തീപിടുത്തം കാരണം വീടിന് പുറത്തിറങ്ങുമ്പോൾ ബന്ധപ്പെട്ട അധികൃതർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വം ശ്രദ്ധിക്കുക. വായുമലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കരുതിയിരിക്കുക, എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പ്.
Comments