ഡൽഹി: കെപിസിസി പ്രസിഡന്റിന്റെ താക്കീതിന് പിന്നാലെ പ്രതികരണവുമായി കെ മുരളീധരൻ എംപി. ബോധപൂർവം തന്നെ അപമാനിക്കാനാണ് നേതൃത്വം കത്ത് നൽകിയതെന്ന് കോൺഗ്രസ് എംപി മാദ്ധ്യമങ്ങളോട് പറഞ്ഞു. ലോക്സഭയിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ല എന്നും തിരഞ്ഞെടുപ്പിന് മുമ്പ് രണ്ട് എംപിമാരെ പിണക്കിയതിന്റെ ഭവിഷ്യത്ത് നല്ലതായിരിക്കില്ല എന്നും കെ മുരളീധരൻ കോൺഗ്രസിന് മുന്നറിയിപ്പ് നൽകി.
തന്റെ സേവനം വേണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കട്ടെ. നോട്ടീസ് നൽകും മുമ്പ് തന്നോട് നേരിട്ട് സംസാരിക്കാമായിരുന്നു. തന്നെ വന്നു കണ്ട നേതാക്കന്മാരോടും പ്രവർത്തകരോടും മത്സരിക്കാനില്ലെന്ന നിലപാട് അറിയിച്ചു. എന്നാൽ, പാർട്ടിക്കായി പ്രചാരണത്തിനിറങ്ങുമെന്നും മുരളീധരൻ പറഞ്ഞു.
നേതൃത്വത്തിനെതിരായ പരസ്യ വിമർശനത്തിൽ കഴിഞ്ഞ ദിവസമാണ് കെപിസിസി കോൺഗ്രസ് എംപിമാർക്ക് താക്കീത് നൽകിയത്. കെ മുരളീധരനെയും എം.കെ രാഘവനെയും കെപിസിസി പ്രസിഡന്റ് കെ സുധാകൻ താക്കീത് ചെയ്തു. പാർട്ടിയെ മോശമായ ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകൾ പാടില്ലെന്നായിരുന്നു കെപിസിസി നിർദ്ദേശം.
Comments