മുംബൈ: സ്മാർട്ട് സിറ്റികൾ സൃഷ്ടിച്ചത് പോലെ രാജ്യത്ത് സ്മാർട്ട് വില്ലേജുകളും ഉണ്ടാകണമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ സിന്നാർ താലൂക്കിലുള്ള നന്ദൂർ ഷിംഗോട്ടിലാണ് സ്മാരകം സ്ഥാപിച്ചിരിക്കുന്നത്.
കർഷകർക്ക് നീതി ലഭിക്കുന്നതിന് വേണ്ടി അവരെ മുന്നിൽ നിന്ന് നയിച്ചയാളാണ് ഗോപിനാഥ് മുണ്ടെ. കൃഷ്ണ വാലി, താപി ഇറിഗേഷൻ, വിദർഭ ജലസേചന പദ്ധതി എന്നിവയിലൂടെ കർഷകർക്ക് വേണ്ടി അദ്ദേഹം അഹോരാത്രം പ്രവർത്തിച്ചു. മുണ്ടെയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ ഉത്തരവാദിത്തപ്പെട്ട നാം അന്നത്തെ കർഷകരുടെ മക്കൾക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ടെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
അന്നദാതാക്കളാകുന്നതിനൊപ്പം ഊർജ്ജ വിതരണക്കാരാകാനും കർഷകർക്ക് കഴിയണം. സ്മാർട്ട് സിറ്റി പദ്ധതിക്കൊപ്പം സ്മാർട്ട് വില്ലേജ് എന്ന ആശയവും രാജ്യത്ത് നടപ്പിലാകേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു..
Comments