ന്യൂഡൽഹി: റോപ് വേ പദ്ധതി കാശിയോടുള്ള വിനോദസഞ്ചാരികളുടെ ആകർഷണം വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റോപ് വേ പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ കാശി വിശ്വനാഥ് ക്ഷേത്ര ഇടനാഴിയിലേക്കുള്ള യാത്രാ സമയം കുറയുമെന്നും പൊതുസൗകര്യവും നഗരത്തിന്റെ ആകർഷണവും വർദ്ധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. റോപ്പ് വേ പദ്ധതി ഉദ്ഘാടനത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂർണാനന്ദ സംസ്‌കൃത സർവകലാശാലയിലാണ് പരിപാടി സംഘടിപ്പിച്ചത്.
‘ഗംഗാനദിയുടെ പുനർനിർമാണം മുതൽ കായിക സൗകര്യങ്ങൾ വികസിപ്പിച്ചെടുക്കുന്നത് വരെയുള്ള നിരവധി വികസന പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്. കാശിയുടെ വികസന പ്രവർത്തനങ്ങൾ രാജ്യത്തുടനീളം ചർച്ച ചെയ്യുന്നുണ്ട്. വിനോദസഞ്ചാരികൾക്കിടയിൽ ബനാറസി സാരി, തടി നിർമിത വസ്തുക്കൾ തുടങ്ങിയ ഘടകങ്ങളാണ് കാശിയെ പ്രസിദ്ധമാക്കുന്നത്. പബ്ലിക് റോപ് വേ പദ്ധതി നഗരത്തിന് പ്രയോജനകരമാകുന്ന കാര്യത്തിൽ സംശയമില്ല. പാർക്കിംഗ്, ഭക്ഷണശാല തുടങ്ങിയ നിരവധി സൗകര്യങ്ങളോടെ ഇത് വിനോദ സഞ്ചാരികൾക്ക് ലഭ്യമാകും. നഗരത്തിലെത്തുന്ന ഭക്തർക്കും വിനോദസഞ്ചാരികൾക്കും യാത്ര സുഗമമാക്കുന്നതിന് ഫ്‌ലോട്ടിംഗ് ജെട്ടി ഉടൻ നിർമ്മിക്കും’ പ്രധാനമന്ത്രി പറഞ്ഞു.
വാരാണസിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് എടിസി സ്ഥാപിച്ച് എയർ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനായി സർക്കാർ പ്രവർത്തിക്കുന്നുണ്ട്. വാരണാസിയിലെ കായികമേഖലയുടെ വളർച്ചയ്‌ക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയം നഗരത്തിൽ ഉടൻ നിർമ്മിക്കും. ഇന്ത്യയുടെ പുതിയ കാഴ്ചപ്പാടും സഹകരണവും ലോകത്തെ മുഴുവൻ അറിയിക്കണമെന്നും കഴിഞ്ഞ ഒരു വർഷത്തിനിടെ ഏഴ് കോടിയോളം വിനോദസഞ്ചാരികൾ കാശി സന്ദർശിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Comments