ചെന്നൈ: ചരിത്ര പ്രസിദ്ധമായ കൊല്ലങ്കോട് ഭദ്രകാളി ക്ഷേത്രത്തിലെ തൂക്ക നേർച്ച തുടങ്ങി. കഴിഞ്ഞ 16-നാണ് തൂക്ക മഹോത്സവത്തിന് കൊടിയേറിയത്. ഇത്തവണ 343 വണ്ടികളിലായി 1,370 കുട്ടികൾ തൂക്കക്കാരോടൊപ്പം വില്ലിലേറി ക്ഷേത്രത്തെ വലം വെച്ചു. തൂക്കങ്ങൾ സമാപിച്ച ശേഷം വില്ലിൻമൂട്ടിൽ കുരുതി തർപ്പണത്തോടെ ഉത്സവം അവസാനിക്കും.
കന്യകുമാരി ജില്ലയിലെ കൊല്ലങ്കോട് ഗ്രാമത്തിലാണ് കൊല്ലങ്കോട് വെങ്കഞ്ഞി വട്ടവിള ശ്രീഭദ്രകാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രണ്ട് മുടികളിലായി കുടികൊള്ളുന്ന കൊല്ലങ്കോട്ടമ്മയ്‌ക്ക് കൊല്ലങ്കോട്ടിലെ വട്ടവിള, വെങ്കഞ്ഞി എന്നീ രണ്ട് ദേശങ്ങളിലായി രണ്ട് മുടിപ്പുരകളുണ്ട്. മൂലക്ഷേത്രമായ വട്ടവിള മുടിപ്പുരയിലാണ് നിത്യപൂജ നടക്കുന്നത്. പ്രസിദ്ധമായ കൊല്ലങ്കോട് തൂക്ക മഹോത്സവം നടക്കുന്ന പത്ത് ദിവസങ്ങളിലും ഒന്നിടവിട്ട വർഷങ്ങളിലെ വൃശ്ചിക ചിറപ്പ് സമയത്തും ദേവി വെങ്കഞ്ഞി ക്ഷേത്രത്തിൽ കുടിയിരിക്കുമെന്നാണ് വിശ്വാസം.

ഉത്സവകാലത്ത് അല്ലാതെ ദേവിയെ ആരാധിക്കുന്നത് മൂലക്ഷേത്രത്തിലാണ്. ബൃഹത്തായ ഗോപുരം, വടക്കും കിഴക്കും വാതിലുകളുണ്ട്. കിഴക്കേനടയിലൂടെ പ്രവേശിക്കുമ്പോൾ പാർശ്വവീക്ഷണവും വടക്കേനടയിലൂടെ പ്രവേശിക്കുമ്പോൾ ഭദ്ര-രുദ്ര ദേവിമാരുടെ അഭിമുഖദർശനഭാഗ്യവും സിദ്ധിക്കുന്നു.

ശ്രീകോവിലിന്റെ പ്രധാനകവാടങ്ങൾക്ക് ചുറ്റും പിച്ചള കൊണ്ട് കെട്ടിയിട്ടുണ്ട്. രണ്ട് ദാരു ശിൽപങ്ങളാണ് പ്രതിഷ്ഠ. അർദ്ധവൃത്താകാരമായ മുടികൾ. ദേവിയ്‌ക്ക് ഭദ്രകാളിയുടെ രണ്ട് ഭാവങ്ങളുണ്ട്, ശാന്തവും രൗദ്രവും. വടക്കോട്ടാണ് ദർശനമരുളുന്നത്. ഉപദേവതമാരായി കന്നിമൂലയിൽ തൊട്ടടുത്തായി നാഗരും 7ത്രേത്തിന്റെ കിഴക്കുഭാഗത്തായി ശിവനും തെക്ക് കിഴക്ക് ബ്രഹ്‌മരക്ഷസുമുണ്ട്.















