‘മ്യൂസിക് വിത്ത് ബോഡി മസിൽസ്’, ‘ചെന്തെങ്കിന്റെ കുല ആണെങ്കിൽ ആടും’ മലയാളിയുടെ നർമ്മബോധത്തെ ഇത്രയേറെ മനസിലാക്കിയ ഡയലോഗ് വേറെ ഏതുണ്ട് . ഇന്നസന്റ് എന്ന നടൻ തന്റെ ഹാസ്യശൈലി കൊണ്ട് അരങ്ങു തകർത്ത കഥാപാത്രമാണ് കല്യാണ രാമനിലെ പോഞ്ഞിക്കര . സലീം കുമാറിന്റേതടക്കം നിരവധി ഹാസ്യരംഗങ്ങൾ അതിൽ ഉണ്ടെങ്കിലും ഇന്നും നമുക്ക് മറക്കാൻ പറ്റാത്തത് മിസ്റ്റർ പോഞ്ഞിക്കരയെയാണ് . മോര് കൂട്ടി കഴിക്കാൻ അൽപ്പം ചോറ് ഇടട്ടേയെന്ന് വിനയത്തോടെ ചോദിക്കുകയും , അതേ വിനയത്തോടെ ദേഷ്യപ്പെടുകയും ചെയ്യുന്ന മസിൽ മാനാണ് പോഞ്ഞിക്കര.
യഥാർഥത്തിൽ അങ്ങനെയൊരു രംഗം ഇന്നസന്റിന്റെ ജീവിതത്തില്‍ തന്നെ നടന്ന സംഭവമാണ്. തന്റെ നാട്ടിൽ നടന്ന ഒരു കഥ ഇന്നസന്റ് ദിലീപിനോടു പറയുകയും പിന്നീട് ദിലീപ് അതു സംവിധായകനോടും തിരക്കഥാകൃത്തിനോടും പറയുകയും അവരതു ചിത്രത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
പോഞ്ഞിക്കര എന്ന കഥാപാത്രത്തിന് കഥാഗതിയിൽ വലിയ പ്രാധാന്യം ഇല്ലെന്നു തോന്നിയതിനാൽ ഇന്നസെന്റിന് ആദ്യം വിഷമമായിരുന്നെന്നും എന്നാൽ പിന്നീട് അദ്ദേഹം സ്വന്തമായി കയ്യിൽ നിന്ന് ഒട്ടനവധി നമ്പറുകളിട്ട് ആ കഥാപാത്രം അവിസ്മരണീയമാക്കുകയായിരുന്നു .
ഇന്നസെന്റിനെ ജനങ്ങൾ സ്ക്രീനിൽ കാണാൻ തുടങ്ങിയിട്ട് കഴിഞ്ഞ വർഷമാണ് അമ്പത് വർഷം തികഞ്ഞത് .കാൻസറിന്റെ പിടിയിൽ അമർന്നിട്ടും തകരാതെ വീണ്ടും ഇന്നസന്റ് അഭിനയിച്ചു തുടങ്ങി. സെറ്റിൽനിന്നു നേരെ ആശുപത്രിയിലേക്കു പോയി തിരിച്ചു സെറ്റിലെത്തിയിരുന്ന എത്രയോ ദിവസങ്ങൾ. 1980നു ശേഷം ഇന്നസന്റ് അഭിനയിക്കാത്ത ഒരേയൊരു കൊല്ലമേയുള്ളു 2020. അന്നദ്ദേഹം ശരിക്കും രോഗത്തിന്റെ പിടിയിലായിരുന്നു.
2013-ല്‍ തൊണ്ടയ്‌ക്ക് അര്‍ബുദരോഗം ബാധിച്ചതിനെ തുടര്‍ന്ന് ഇന്നസെന്റ് ചികിത്സ തേടി. ആ കാലഘട്ടം വേദന നിറഞ്ഞതായിരുന്നുവെങ്കിലും പിന്നീട് വളരെ നര്‍മബോധത്തോടെയാണ് ഇന്നസെന്റ് ഓര്‍ത്തെടുത്തത്. ആ അനുഭവങ്ങള്‍ പ്രതിപാദിക്കുന്ന കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന അനുഭവസാക്ഷ്യം നിരവധി പേരുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനമാണു ചെലുത്തിയത്.
Comments