മുംബൈ: വീര സവർക്കറിനെ അപമാനിച്ച് നിരന്തരം പരാമർശം നടത്തുന്നതിൽ രാഹുൽ ഗാന്ധിക്ക് താക്കീതുമായി ശിവസേന യുബിറ്റി നേതാവ് ഉദ്ദവ് താക്കറെ. സവർക്കർ ദൈവതല്യനാണെന്നും അദ്ദേഹത്തെ അപമാനിക്കുന്നത് സഹിക്കില്ലെന്നും ഉദ്ദവ് പറഞ്ഞു. ഇത്തരം പരാമർശങ്ങൾ ഒഴിവാക്കാൻ ശ്രമിക്കാൻ രാഹുൽ ശ്രദ്ധക്കണമെന്നും ഉദ്ദവ് ആവശ്യപ്പെട്ടു.
”ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നമ്മൾ ഒരുമിച്ചാണ് പോരാടുന്നത്. അതിനാലാണ് താങ്കളുടെ ജോഡോ യാത്രയുമായി സഹകരിച്ചത്. എന്നാൽ സവർക്കർ ഞങ്ങൾക്ക് ഈശ്വര സമാനനാണ്. അദ്ദേഹത്തെ അധിക്ഷേപിക്കുന്ന ഒരു പരാമർശവും അനുവദിച്ച് തരാൻ സാധിക്കില്ല. എതിരാളികൾ താങ്കളെ പ്രകോപിപ്പിച്ചെന്നിരിക്കാം, എന്നാൽ ഇത്തരം പരാമർശങ്ങൾ നടത്താതെ സൂക്ഷിക്കുക’‘. മലഗോണിൽ സംഘടിപ്പിച്ച റാലിയിൽ ഉദ്ദവ് പറഞ്ഞു.
അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സവർക്കറെ പരിഹസിച്ചുകൊണ്ടുള്ള രാഹുലിന്റെ പരാമർശം. മാപ്പുപറയാൻ താൻ സവർക്കറല്ലെന്നും ഗാന്ധിയാണെന്നും രാഹുൽ പറഞ്ഞു. പ്രസംഗത്തിന് പിന്നാലെ രാഹുലിനെതിരെ വൻ പ്രതിഷേധമാണ് സാമൂഹമാദ്ധ്യമങ്ങളിൽ ഉണ്ടായത്. രാജ്യത്തെ വെട്ടിമുറിച്ച് അധികാരം പങ്കിട്ടവരുടെ പിൻമുറക്കാരന് സവർക്കറുടെ പേര് പറയാൻപോലും യോഗ്യതയില്ലെന്ന് പ്രതികരണങ്ങളുയർന്നു. നെഹ്‌റുവിന്റെ കുടുംബം എങ്ങനെ ഗാന്ധിമാരായെന്ന് വ്യക്തമാക്കണമെന്നും അഭിപ്രായങ്ങൾ പ്രത്യക്ഷപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും രംഗത്തുവന്നിരുന്നു. രാജ്യത്തിന്റെ പ്രതീകമാണ് സവർക്കറെന്നും അദ്ദേഹത്തിന്റെ മഹത്വം മനസിലാക്കാൻ രാഹുൽ ഒരു ദിവസമെങ്കിലും ജയിലിൽ കിടക്കണമെന്നും ഷിൻഡെ പറഞ്ഞു.
Comments