കൃഷിയിൽ നിന്ന് കോടികൾ സമ്പാദിക്കാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു പ്രവാസി യുവാവ്. ഇംഗ്ലണ്ടിലെ ബാങ്ക് ജോലി നഷ്ടമായ യുവാവ് തിരികെ നാട്ടിൽ എത്തിയ ശേഷമാണ് കൃഷി ആരംഭിച്ചത്. രാജസ്ഥാനിലെ സിരോഹി സ്വദേശിയായ നവ്ദീപ് ഗോലേച്ചയാണ് കൃഷിയിലൂടെ പ്രതിവർഷം കോടികൾ സമ്പാദിക്കുന്നത്. 2013 ലാണ് യുവാവിന് ഇംഗ്ലണ്ടിലെ ജോലി നഷ്ടമാകുന്നത്.
ഇംഗ്ലണ്ടിൽ ഫിനാൻഷ്യൽ ഇക്കണോമിക്സിൽ എംഎസ്സി പഠനം പൂർത്തിയാക്കിയ യുവാവ് അവിടെ തന്നെ ബാങ്ക് ജോലിയ്ക്ക് പ്രവേശിക്കുകയായിരുന്നു. നാട്ടിൽ തിരികെ എത്തിയ യുവാവ് ആദ്യം റിസോർട്ട് ആരംഭിക്കാനാണ് പദ്ധതിയിട്ടത്. എന്നാൽ അതിന് മുൻപ് കൃഷിയിൽ ഒരു കൈ പരീക്ഷിച്ച് നോക്കിയ യുവാവ് ഇതിനേക്കാൾ മികച്ച സാദ്ധ്യത മറ്റൊരു മേഖലയ്ക്കും ഇല്ലെന്ന് തിരിച്ചറിയുകയായിരുന്നു. സിരോഹിയിൽ നാൽപത് ഏക്കറിലാണ് ആദ്യം കൃഷി ആരംഭിച്ചത്. മുപ്പത് ഏക്കറിൽ മാതളവും പത്തേക്കറിൽ പപ്പായ, സീതപ്പഴം, നാരങ്ങ എന്നിവയും യുവാവ് കൃഷി ചെയ്യുന്നുണ്ട്
വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിൽ കൃഷി ചെയ്യുന്നു എന്ന് പറഞ്ഞ് തന്നെ കളിയാക്കിയവരുണ്ടെന്ന് നവദീപ് പറഞ്ഞു. തന്റെ തീരുമാനം ശരിയാണെന്ന് തെളിയിക്കണം എന്നായിരുന്നു തന്റെ വാശി എന്നും അതിൽ താൻ വിജയിച്ചെന്നും യുവാവ് പറയുന്നു. മണ്ണു വളവും പരിശോധിച്ച് ഗവേഷണം നടത്തിയ ശേഷമാണ് നവ്ദീപ് മാതള കൃഷിയ്ക്ക് ഇറങ്ങിയത്. ഇപ്പോൾ മാതളം വിദേശത്തേയ്ക്കും കയറ്റി അയക്കുന്നുമുണ്ട്.
25 ലക്ഷം രൂപയാണ് യുവാവിന്റെ വാർഷിക ചിലവ്. മുഴുവൻ വിളയും വിറ്റ് 1.25 കോടി രൂപ വരെ സുഖമായി സമ്പാദിക്കാൻ കഴിയുന്നുവെന്നും ഇയാൾ പറയുന്നു. കൃഷിയെ ഒരു വ്യവസായമായി കണക്കാക്കണമെന്നും നവ്ദീപ് കൂട്ടിച്ചേർത്തു. പുതിയ സാങ്കേതിക വിദ്യകൾ കൃഷിയിൽ പരീക്ഷിക്കുന്നുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിരവധി പുരസ്കാരങ്ങളും ഇയാളെ തേടി എത്തിയിട്ടുണ്ട്.
Comments