ഇടുക്കി: സംസ്ഥാനത്ത് പൈനാപ്പിളിന്റെ വിലയും കുതിച്ചുയരുന്നു. കിലോഗ്രാമിന് 53 രൂപയാണ് നിലവിൽ പൈനാപ്പിളിന്റെ വിപണി വില. ഏപ്രിൽ മാസമാകുമ്പോൾ ഇത് അറുപത് രൂപയായി ഉയർന്നേക്കുമെന്നാണ് കർഷകരും കച്ചവടക്കാരും പ്രതീക്ഷിക്കുന്നത്.
റംസാൻ മാസം ആരംഭിച്ചതോടെ പ്രതിദിനം 250 ടൺ പൈനാപ്പിളാണ് കേരളത്തിൽ വിറ്റഴിക്കുന്നത്. ഈ കണക്ക് ഇനിയും വർധിക്കാനാണ് സാധ്യത. മറ്റ് സംസ്ഥാനങ്ങളിലേക്ക് അയക്കുന്ന പൈനാപ്പിളിന്റെ തോതും കൂടിയിരിക്കുകയാണ്. കേരളത്തിന് പുറത്തേക്ക് 120 ലോഡ് വരെ കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. മഹാരാഷ്‌ട്ര, ആന്ധ്ര, തെലങ്കാന, ഗുജറാത്ത് എന്നിവിടങ്ങളിലേക്കാണ് കൂടുതൽ ലോഡുകളും എത്തുന്നത്.
വേനൽക്കാലമായതിനാൽ പൈനാപ്പിളിന്റെ ഉത്പാദനത്തിൽ 50% കുറവു വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വില വർധിക്കാൻ ഇതും ഒരു കാരണമാണ്. കൂടാതെ ഇറക്കുമതി ചെയ്യുന്ന പൈനാപ്പിളിനേക്കാൾ നാടൻ പൈനാപ്പിളിന് ആവശ്യക്കാർ ഏറെയാണെന്നതും വില വർധനവിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തൽ.
Comments