മലയാളികളുടെ എക്കാലത്തെയും പ്രിയ താരങ്ങളായ മീര ജാസ്മിനും നരേനും ഒന്നിച്ച് വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. നീണ്ട പതിനഞ്ച് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇരുവരും വീണ്ടും ബിഗ്‌സ്‌ക്രീനിൽ ഒരുമിച്ചെത്തുന്നത്. എം പത്മകുമാറിന്റെ സംവിധാനത്തിൽ അരങ്ങേറുന്ന ചിത്രത്തിലൂടെയാണ് താരങ്ങൾ അണിനിരക്കുന്നത്. ശക്തമായ കഥാപാത്രമാണ് പത്മകുമാറിന്റെ ചിത്രത്തിൽ താരത്തെ കാത്തിരിക്കുന്നത് എന്നതാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. എന്നാൽ ഉടൻ തന്നെ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രഖ്യാപിക്കും എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. രഞ്ജിത്ത് മണമ്പ്രക്കാട്ടാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുക. ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ മൂന്നിന് ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിക്കും.
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ അരങ്ങേറിയ ചിത്രമായ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്ക് ഇരുവരും പ്രിയ താരജോഡികളായി മാറിയത്. പിന്നീട് മിന്നാമിന്നിക്കൂട്ടം, ഒരേ കടൽ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചെത്തി മലയാളി മനസ് കീഴടക്കുകയായിരുന്നു.
Comments