ന്യൂഡൽഹി: രാജ്യത്ത് പെൻഷൻ പദ്ധതിയിൽ വരിക്കാരാവുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം. മുൻ വർഷത്തെക്കാൾ 22 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 20222- 23 സാമ്പത്തിക വർഷത്തിൽ പത്ത് ലക്ഷം പേരാണ് പദ്ധതിയിൽ പുതിയതായി അംഗങ്ങളായത്.
അടൽ പെൻഷൻ യോജന( എപിവൈ), നാഷണൽ പെൻഷൻ സിസ്റ്റം എന്നിവയിൽ അംഗങ്ങളാകുന്നവരുടെ എണ്ണത്തിലാണ് വർദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്. സർക്കാരേതര മേഖലയിൽ നിന്നും കൂടുതൽ ആളുകൾ പെൻഷൻ പദ്ധതിയിൽ അംഗമായതൊടെ മൊത്തത്തിലുള്ള കൈകാര്യ ആസ്തി 9,00,000 രൂപയിലെത്തിയതായി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ എൻപിഎസ് വരിക്കാരുടെ എണ്ണം 2.11 കോടിയിൽ നിന്നും 6.33 കോടിയായി ഉയർന്നു. വ്യക്തികൾ, കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്നവർ എന്നിവരാണ് നിലവിൽ കൂടുതലായി അംഗങ്ങളാകാൻ മുന്നോട്ട് വരുന്നത്. ആദ്യമായാണ് ഒരു സാമ്പത്തിക വർഷം പത്ത് ലക്ഷം പേർ പെൻഷൻ പദ്ധതിയിൽ ചേരുന്നത്.
കൊറോണ മഹാമാരിക്ക് ശേഷം സാമ്പത്തിക സുരക്ഷ പ്രാധാനമാണെന്ന തിരിച്ചറിവാണ് പെൻഷൻ പദ്ധതിയിലേക്ക് ആളുകൾ കൂടുതലായി എത്താൻ കാരണമെന്നാണ് വിലയിരുത്തുന്നത്. നാഷണൽ പെൻഷൻ സ്‌കീമിനാണ് നിലവിൽ രാജ്യത്ത് എറ്റവും പ്രചാരമുള്ളത്. 18 മുതൽ 60 വയസ്സ് വരെ പ്രായമുള്ള ഏതൊരാൾക്കും പദ്ധതിയിൽ അംഗമാകാം.















