ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികളുടെ ദേശീയ പദവി സംബന്ധിച്ച കാര്യത്തിൽ നിർണായക പ്രഖ്യാപനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. തൃണമൂൽ കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) എന്നിവയ്ക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി. കഴിഞ്ഞ രണ്ട് തവണ നടന്ന പൊതുതിരഞ്ഞെടുപ്പിലും 21 സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ലഭിച്ച സീറ്റുനിലയെയും വോട്ടു വിഹിതത്തെയും അടിസ്ഥാനപ്പെടുത്തിയാണ് തീരുമാനം.
അതേസമയം അരവിന്ദ് കെജ്രിവാൾ നേതൃത്വം വഹിക്കുന്ന ആംആദ്മി പാർട്ടിക്ക് ദേശീയ പദവി ലഭിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഡൽഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണിത്. വരുന്ന തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്താൻ സാധിച്ചാൽ പദവി നഷ്ടപ്പെട്ട രാഷ്ട്രീയ പാർട്ടികൾക്ക് ദേശീയ പാർട്ടിയാകാൻ വീണ്ടും സാധിക്കുമെന്നും കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
നിലവിൽ ബിജെപി, കോൺഗ്രസ്, ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), ആംആദ്മി പാർട്ടി എന്നിവയ്ക്കാണ് ദേശീയ പാർട്ടി പദവിയുള്ളതെന്നും കമ്മീഷൻ അറിയിച്ചു.
Comments