ന്യൂഡൽഹി: ഡൽഹിയിലെ ദി ഇന്ത്യൻ സ്കൂളിൽ ഇ-മെയിൽ വഴി വ്യാജ ബോംബ് ഭീഷണി സന്ദേശം. സ്കൂളിന്റെ അഡ്മിനിസ്ട്രേഷൻ മെയിലിലാണ് വ്യാജ ബോംബ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശം വന്നതിനെ തുടർന്ന് സ്കൂൾ അധികൃതർ ഉടൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പോലീസിന്റെയും ബോംബ് സ്ക്വാഡിന്റെയും സംയുക്ത സംഘം സ്കൂളിലെത്തുകയും പരിശോധന നടത്തുകയും ചെയ്തു. എന്നാൽ സംശയാസ്പദമായി യാതൊന്നും കണ്ടെത്താത്തതിനെ തുടർന്ന് സന്ദേശം വ്യാജമാണെന്ന് ഉറപ്പിക്കുകയായിരുന്നു.
ബോംബ് ഭീഷണി സന്ദേശം എത്തിയുടനെ തന്നെ വിദ്യാർത്ഥികളെയും മറ്റുള്ളവരെയും സ്കൂളിൽ നിന്ന് ഒഴിപ്പിച്ചു. തുടർന്ന് ബിഡിഎസ്, ബിഡിടി, സ്വാറ്റ് ടീമുകൾ സ്കൂളിനകത്തും സ്കൂൾ പരിസരത്തും വിശദമായ പരിശോധന നടത്തിയതായി ഡൽഹി ഡിസിപി ചന്ദൻ ചൗധരി പറഞ്ഞു.
ഇതാദ്യമായല്ല സ്കൂളിൽ ബോംബ് ഭീഷണി വരുന്നത്. കഴിഞ്ഞ നവംബറിലും സമാനമായ ഒരു ഇമെയിൽ സന്ദേശം സ്കൂളിന് ലഭിച്ചിരുന്നു. തുടർന്ന് സ്കൂൾ പരിസരത്ത് നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചതായും പിന്നീട് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയതായും പോലീസ് പറഞ്ഞു
Comments