സമ്പത് സമൃദ്ധിയുടെയും പുത്തൻ പ്രതീക്ഷകളുടെയും കണികണ്ടുണർന്ന് മലയാളികൾ. ഒരു മേടം ഒന്നിന് വിഷുക്കണി കണ്ടാൽ അതിന്റെ ഐശ്വര്യവും സമ്പൽസമൃദ്ധിയും അടുത്ത വിഷുവരെ ഉണ്ടാകും എന്നാണ് വിശ്വാസം. കണി ദർശിച്ചും കൈനീട്ടം വാങ്ങിയും കൊടുത്തും വിഷു സദ്യ കഴിച്ചും ആഘോഷത്തോടെയാണ് വിഷു ദിനം കടന്നു പോകുന്നത്. മേട വിഷു കാർഷികോത്സവമാണ്, വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്.
വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്തകൊല്ലം വിഷുവരെ ഉണ്ടാകുമെന്നാണ് വിശ്വാസം. മലയാളികളുടെ പുതുവർഷാരംഭം കൂടിയാണ് വിഷു. ഒരു വർഷത്തിന്റെ മുഴുവൻ പ്രതീക്ഷകളും നിറയുന്ന ദിനം. പലയിടങ്ങളിൽ വിഷുവുമായി ബന്ധപ്പെട്ട് വ്യത്യസ്തതമായ വിശ്വാസങ്ങളാണ് നിലവനിൽക്കുന്നത്. എന്നാൽ ആചാരങ്ങൾ വ്യത്യസ്തമാണെങ്കിലും ഒരു വർഷം മുഴുവനും സമൃദ്ധിയുടെ ദിനങ്ങൾ നൽകുന്നുവെന്ന വിശ്വസിക്കപ്പെടുന്ന വിഷു കണി ദർശനം എല്ലായിടത്തും സമാനമാണ്.
വിഷുപ്പുലരിയിൽ കണ്ണനെ കാണാൻ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ തിരക്കാണ്. രാവിലെ 2:45 മുതൽ 3:45 വരെ ആയിരുന്നു വിഷുക്കണി ദർശനം. ശബരിമലയിലും വിഷുക്കണി കാണാൻ ഭക്തരുടെ വൻ തിരക്കാണ്. പുലർച്ചെ നാല് മണിയ്‌ക്ക് നട തുറന്നു.ഏഴ് മണി വരെയാണ് വിഷുക്കണികാണാൻ അവസരമുള്ളത്.















