ന്യൂഡൽഹി: രാജ്യത്ത് 157 പുതിയ നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. 1570 കോടി ചിലവിലാണ് നഴ്സിംഗ് കോളേജുകൾ നിർമ്മിക്കുന്നത്. രാജ്യത്ത് കൂടുതൽ മെഡിക്കൽ സീറ്റുകൾ വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. നിലവിലുള്ള മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ചായിരിക്കും പുതിയ നഴ്സിങ് കോളജുകൾ സ്ഥാപിക്കുക.
രണ്ട് വർഷത്തിനകം പുതിയ നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു. പുതിയ നഴ്സിംഗ് കോളേജുകൾ വരുന്നതോടെ പ്രതിവർഷം 15,700 നഴ്സിങ് വിദ്യാർത്ഥികളായിരിക്കും ബിരുദം നേടുക. ചിലവ് കുറഞ്ഞതും നിലവാരം കൂടിയതുമായ നഴ്സിംഗ് വിദ്യാഭ്യാസം രാജ്യത്ത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ മെഡിക്കൽ ഉപകരണ നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി.
Comments