ലക്നൗ: അയോദ്ധ്യയെ ആഗോള ടൂറിസം ഹോട്ട്സ്പോട്ടായി മാറ്റുന്നതിനുള്ള വിപുലമായ പദ്ധതി ആവിഷ്കരിച്ച് ഉത്തർപ്രദേശ് സർക്കാർ. ഡിസ്നിലാൻഡ് മാതൃകയിൽ ‘രാമ ലാൻഡ്’ എന്ന പേരിൽ തീം പാർക്ക് വികസിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ശ്രീരാമന്റെ കഥ വിവരിക്കുന്നതിനായി ഡിസ്നിലാൻഡ് മാതൃകയിലാകും രാമലാൻഡ് നിർമ്മിക്കുക. ‘വിനോദസഞ്ചാരത്തിനൊപ്പം പഠനവും’ എന്ന ആശയമാണ് യോഗി സർക്കാർ മുന്നോട്ട് വെയ്ക്കുന്നത്. രാമായണത്തിലെ ഐതിഹാസിക കഥകൾ രാമലാൻഡിലൂടെ ജനങ്ങൾക്ക് അറിയാൻ കഴിയും. ഇതുവഴി കുട്ടികളെയും മുതിർന്നവരെയും ഓരേ പോലെ ആകർഷിക്കാൻ കഴിയുമെന്നാണ് ടൂറിസം വകുപ്പ് വിലയിരുത്തുന്നത്.
അയോദ്ധ്യ സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്ക് സരയൂ നദിയിലൂടെയുള്ള രാമായൺ ക്രൂയിസിൽ യാത്ര ചെയ്യാനും പുണ്യനഗരത്തിലെ പ്രശസ്തമായ ഇടങ്ങള് കാണാനും അവസരമൊരുക്കുന്ന ആഡംബര ബോട്ട് സർവീസ് വരും മാസങ്ങളിൽ അവതരിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി. മറ്റ് ജില്ലകളിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള റോഡുകളിൽ ആറ് വലിയ കമാന കവാടങ്ങൾ സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്. ലക്നൗ, ഗോർഖാപൂർ, ഗോണ്ട, അംബേദ്കർനഗർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് അയോദ്ധ്യയിലേക്ക് പോകുന്ന ആറ് വ്യത്യസ്ത റോഡുകളുണ്ട്. ഓരോ ഗേറ്റ് വേ കോംപ്ലക്സിനും രാമായണത്തിലെ കഥാപാത്രങ്ങളുടെ പേരിടും. യോഗ സെന്റർ, ഫുഡ് കോർട്ട്, ഡോർമിറ്ററി തുടങ്ങിയ വിനോദസഞ്ചാര സൗകര്യങ്ങളും ഉൾപ്പെടുത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു.
രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് അയോദ്ധ്യയിൽ വിവിധ വികസനപദ്ധതികൾക്കും സർക്കാർ പദ്ധതിയുന്നുണ്ട്. നടന്നുകൊണ്ടിരിക്കുന്നതും നിർദ്ദിഷ്ടവുമായ പദ്ധതികൾ വേഗത്തിലാക്കാൻ ശ്രമിക്കുന്നതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. നിരവധി ആഡബര ഹോട്ടലുകൾക്കും മറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് പദ്ധതിയിടുന്നത്. താജ് ഗ്രൂപ്പ്, റാഡിസൺ, ഐടിസി, ഒയോ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ ക്ഷേത്ര നഗരത്തിൽ പ്രോജക്ടുകൾ ആരംഭിക്കുന്നതിന് സന്നദ്ധത അറിയിച്ചുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, താജ് ഗ്രൂപ്പിന്റെ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് അയോദ്ധ്യയിൽ രണ്ട് ആഢംബര ഹോട്ടലുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നു. ഓയോയും നിരവധി ഹോട്ടൽ, ഹോംസ്റ്റേ യൂണിറ്റുകൾ അയോദ്ധ്യയിൽ യാഥാർത്ഥ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
നിലവിൽ അയോദ്ധ്യയിൽ 600 മുറികളുള്ള 18 ഓളം ഹോട്ടലുകളുണ്ട്. രാമക്ഷേത്രം, ഭക്തർക്കും വിനോദസഞ്ചാരികൾക്കുമായി തുറന്നുകൊടുത്താൽ മുറികളുടെ ആവശ്യം കുതിച്ചുയരുമെന്നാണ് കരുതുന്നത്. അയോദ്ധ്യയിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം 2022-ൽ 20 ദശലക്ഷത്തിലധികമായിരുന്നുവെങ്കിൽ വരുന്ന 8-9 വർഷത്തിനുള്ളിൽ 40 ദശലക്ഷമായി ഉയരുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ കമ്പനികളാണ് അയോദ്ധ്യയിൽ ഹോട്ടലുകളും മറ്റ് സൗകര്യങ്ങളുമുള്ള കെട്ടിടങ്ങൾ സ്ഥാപിക്കാനൊരുങ്ങുന്നത്.
Comments