കൊച്ചി : നെടുമ്പാശ്ശേരിയിൽ വൻ സ്വർണക്കടത്ത്. കസ്റ്റംസിനെ വെട്ടിച്ച് നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്ത് കടന്ന യുവാവും സഹായിയും പോലീസിന്റെ പിടിയിൽ. ശരീരത്തിലൊളിപ്പിച്ച സ്വർണവുമായി പുറത്ത് കടക്കവെയാണ് പ്രതികൾ പിടിയിലായത്. സംഭവത്തിൽ ഇരിങ്ങാലക്കുട സ്വദേശി സൂരജിനെയും മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസൽ റഹ്മാനെയും അറസ്റ്റ് ചെയ്തു.
അതേസമയം സൂരജിനെ കൂട്ടിക്കൊണ്ടുപോകാനാണ് മുഹമ്മദ് ഫൈസൽ എത്തിയത്. ദുബായിൽ നിന്ന് എയർ ഇന്ത്യയുടെ AI 934 വിമാനത്തിലാണ് ഇയാൾ എത്തിയത്. 634 ഗ്രാം സ്വർണ്ണം നാല് ക്യാപ്സ്യൂൾ രൂപത്തിലാക്കി സൂരജ് ശരീരത്തിൽ ഒളിപ്പിച്ചിരുന്നു. എന്നാൽ സംശയം തോന്നിയതോടെ എയ്ഡ് പോസ്റ്റിൽ തടഞ്ഞുനിർത്തി പോലീസ് പരിശോധിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 30നും സമാനമായ സംഭവം നടന്നിരുന്നു. അനധികൃതമായി കടത്തിക്കൊണ്ടുവന്ന 20 പവൻ സ്വർണ്ണം വിമാനത്താവളത്തിന്റെ പാർക്കിംഗ് ഏരിയക്ക് സമീപം പോലീസ് പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പള്ളുരുത്തി സ്വദേശി അജ്മൽ അനസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Comments