ഗുവാഹട്ടി: ഈ മാസം 26-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അസം സന്ദർശിക്കും. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സാന്നിധ്യത്തിൽ 45,000 സർക്കാർ തസ്തികകളുടെ നിയമന കത്ത് വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയുടെ തറക്കല്ലിടൽ കേന്ദ്ര ആഭ്യന്തരമന്ത്രി നിർവഹിക്കും. അസം പോലീസ് ആപ്പ് അമിത് ഷാ പുറത്തിറക്കും. ഈ ആപ്പ് ഉപയോഗിച്ച് വീട്ടിൽ നിന്ന് പോലീസ് പരാതികൾ സമർപ്പിക്കാം. എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലായിരിക്കും ഈ ആപ്പെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇത് രാജ്യത്തെ ആദ്യത്തെ സംരംഭമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നിലവിലെ അസം സർക്കാർ രണ്ട് വർഷം പൂർത്തിയാകുന്ന വേളയിൽ ഗുവാഹട്ടിയിലെ ശ്രീമന്ത ശങ്കർദേവ് കലാക്ഷേത്രയിൽ നടന്ന പരിപാടിയിൽ ആയുഷ്മാൻ അസം-മുഖ്യമന്ത്രി ജൻ ആരോഗ്യയോജന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരട്ട എഞ്ചിൻ സർക്കാരിന്റെ ഉജ്ജ്വലമായ ഉദാഹരണമാണ് അസമിലെ പരിവർത്തനോന്മുഖ ആരോഗ്യ സംരക്ഷണമെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ആരോഗ്യ സംരക്ഷണം സാർവത്രികമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആയുഷ്മാൻ ഭാരത് വിഭാവനം ചെയ്തു. അത് കുറച്ചു കൂടി വിപുലീകരിക്കാൻ, താൻ ആയുഷ്മാൻ അസം ആരംഭിച്ചു. രണ്ട് പദ്ധതികളിലുമായി സംസ്ഥാനത്തെ 56 ലക്ഷം കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വരെ പണരഹിത ഇൻഷുറൻസ് ലഭിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
Comments