ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്നും പിടികൂടി കൊച്ചി തീരത്ത് എത്തിച്ച മയക്കുമരുന്നിന്റെ വില ഏകദേശം 25000 കോടി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. പാകിസ്ഥാൻ പൗരനെന്ന് സംശയിക്കുന്ന ഒരാളെ ഇന്ത്യൻ നർകോർട്ടിക്ക് കൺട്രോൾ ബ്യുറോ(എൻസിബി) കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2500 കിലോഗ്രാം ഉയർന്ന നിലവാരമുള്ള ക്രിസ്റ്റൽ മെത്ത് അഥവാ മെത്താംഫെറ്റാമൈൻ ആണ് ഈ കപ്പലിൽ നിന്നും പിടിച്ചെടുത്തത് .ബാക്കി മയക്കു മരുന്നുൾപ്പെടെ മദർ ഷിപ്പ് കള്ളക്കടത്തുകാർ മുക്കി എന്നും റിപ്പോർട് വരുന്നുണ്ട്. ഒരു ഇന്ത്യൻ മയക്കുമരുന്ന് വിരുദ്ധ എൻഫോഴ്‌സ്‌മെന്റ് ഏജൻസി നടത്തിയ ഏറ്റവും വിലയേറിയ മയക്കുമരുന്ന് പിടിച്ചെടുക്കലാണിത്. ഈ വലിയ മയക്കു മരുന്ന് വേട്ട നടന്നത് ഓപ്പറേഷൻ സമുദ്രഗുപ്ത് എന്ന രഹസ്യാന്വേഷണ പദ്ധതിയുടെ കീഴിലാണ് .
എന്താണ് ഓപ്പറേഷൻ സമുദ്രഗുപ്ത് ?
ഭാരതത്തെ കാർന്നു തിന്നുന്ന മയക്കുമരുന്ന് എന്ന വിപത്തിനെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ഇന്ത്യൻ നാവികസേനയും സംയുക്തമായി നടത്തുന്ന പ്രവർത്തനമാണ് ഓപ്പറേഷൻ സമുദ്രഗുപ്ത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഹെറോയിനും മറ്റു മയക്കുമരുന്ന് കടത്തിനും എതിരെ നരേന്ദ്ര മോദി സർക്കാരിന്റെ നിർദേശപ്രകാരം എൻസിബി ഡയറക്ടർ ജനറലാണ് ഓപ്പറേഷൻ സമുദ്രഗുപ്ത് തുടങ്ങിയത്. എൻസിബി ഹെഡ്ക്വാർട്ടേഴ്‌സ് ഓപ്പറേഷൻസ് ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രവർത്തനത്തിന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ഓപ്പറേഷൻ ) സഞ്ജയ് കുമാർ സിംഗ് നേതൃത്വം നൽകി വരുന്നു.
ഇന്ത്യൻ നാവികസേനയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ഓപ്പറേഷൻ സമുദ്രഗുപ്ത് എന്ന പേരിൽ ഒരുമിച്ച ഈ പദ്ധതി 2022 ജനുവരിയിലാണ് ആരംഭിച്ചത്. പാകിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും വരുന്ന കപ്പലുകളിലെ മയക്കുമരുന്ന് കടത്ത് തടയാൻ ആണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യമിട്ടത്. ഇങ്ങിനെ നിയമവിരുദ്ധമായ വസ്തുക്കൾ കൊണ്ടുപോകുന്ന കപ്പലുകളെക്കുറിച്ചുള്ള വിവരങ്ങൾ നേടുക എന്നതായിരുന്നു ഓപ്പറേഷന്റെ പ്രധാന ലക്ഷ്യം. ഡിആർഐ, എടിഎസ് ഗുജറാത്ത് ഉൾപ്പെടെയുള്ള മയക്കുമരുന്ന് നിയന്ത്രണ – നിയമ നിർവ്വഹണ ഏജൻസികളുമായും ഇന്ത്യൻ നേവിയുടെ ഇന്റലിജൻസ് വിംഗ്, എൻടിആർഒ തുടങ്ങിയ രഹസ്യാന്വേഷണ ഏജൻസികളുമായും ഈ സംഘം യോജിച്ചു പ്രവർത്തിക്കുന്നു .ഈ മയക്കുമരുന്ന് വിരുദ്ധ ഏജൻസി ഒരു വർഷത്തിനുള്ളിൽ 50,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു.
2022 ഫെബ്രുവരിയിലാണ് ‘ഓപ്പറേഷൻ സമുദ്രഗുപ്ത്’ ആദ്യമായി വിജയം കണ്ടത് . അന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ 529 കിലോഗ്രാം ഹാഷിഷും 221 കിലോഗ്രാം മെത്താംഫെറ്റാമൈനും 13 കിലോ ഹെറോയിനും ഗുജറാത്ത് തീരത്ത് നിന്ന് കണ്ടെടുത്തു. ബലൂചിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായിരുന്നു ഇതിന്റെ ഉത്ഭവം.
Image source: @indiannavy/Twitter)
രണ്ടാമത്തെ വിജയകരമായ ദൗത്യത്തിൽ ഈ സംഘം, 2022 ഒക്ടോബറിൽ കേരള തീരത്ത് നിന്ന് ഒരു ഇറാനിയൻ ബോട്ട് പിടികൂടി. ആറ് ഇറാനിയൻ മയക്കുമരുന്ന് കടത്തുകാരെയും അഫ്ഗാനിസ്ഥാനിൽ നിർമ്മിച്ച 200 കിലോഗ്രാം ഹൈ-ഗ്രേഡ് ഹെറോയിനും കണ്ടുകെട്ടി.
മൂന്നാമത്തെ മേജർ ഓപ്പറേഷനാണ് കൊച്ചി പുറംകടലിൽ കഴിഞ്ഞ ദിവസം നടന്നത്. മാധ്യമ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഏകദേശം 15 ദിവസം മുമ്പ് ഇന്ത്യൻ തീരപ്രദേശത്തുകൂടിയുള്ള ചരക്കുനീക്കം സംബന്ധിച്ച് എൻസിബിക്കും നാവികസേനയ്‌ക്കും ഒരു സൂചന ലഭിച്ചിട്ടുണ്ട്.അന്നുംജൂതൽ വളയൊരുക്കി തിരക്കായി അവർ കാത്തിരിക്കുകയായിരുന്നു.
എൻസിബി പറയുന്നതനുസരിച്ച്, പാകിസ്താനിൽ ഇറാനോട് ചേർന്നുള്ള മക്രാൻ തീരത്ത് നിന്ന് പുറപ്പെട്ട മയക്കുമരുന്ന് ശേഖരം നിറഞ്ഞ മദർ ഷിപ്പ്വഴിയിൽ മറ്റ് ബോട്ടുകളിലേക്ക് മയക്കുമരുന്ന് വിതരണംചെയ്തു വരികയായിരുന്നു. ശ്രീലങ്കയും മാലിദ്വീപും ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് നൽകിയ വിവരങ്ങൾ ഇപ്പോഴത്തെ പിടിച്ചെടുക്കലിൽ സഹായിച്ചിട്ടുണ്ടെന്ന് എൻസിബി പ്രസ്താവനയിൽ വ്യക്തമാക്കി.
2022 ഡിസംബറിലും 2023 ഏപ്രിലിലും ശ്രീലങ്കൻ നാവികസേന നടത്തിയ രണ്ട് ഓപ്പറേഷനുകളിലായി 19 മയക്കുമരുന്ന് ഇടപാടുകാരെ പിടികൂടിയിരുന്നു. അന്ന് 286 കിലോഗ്രാം ഹെറോയിനും 128 കിലോഗ്രാം മെത്താംഫെറ്റാമൈനും പിടികൂടിയിരുന്നു.
Comments