കണ്ണൂർ: പ്രതിപക്ഷ പാർട്ടികളെല്ലാം ബിജെപിക്ക് എതിരായി ഒന്നിക്കണമെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. ബിജെപിക്കെതിരായ എതിർപ്പാണ് കർണാടകത്തിൽ വലിയ പ്രതിപക്ഷ പാർട്ടി എന്ന് നിലയ്‌ക്ക് കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ സഹായിച്ചത്. എന്നാൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് ശരിയല്ലെന്നും കർണാടക സത്യപ്രതിജ്ഞ ചടങ്ങിൽ കേരള മുഖ്യമന്ത്രിയെ ക്ഷണിച്ചില്ല എന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഇ.കെ നായനാർ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർണാടകയിൽ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാൻ ബിജെപി സർക്കാർ എല്ലാ ശ്രമവും നടത്തി. ഹിജാബ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി കൊണ്ടുവന്നു. ഇതെല്ലാം ജനങ്ങളിൽ വലിയ എതിർപ്പ് ഉണ്ടാക്കിയതുകൊണ്ട് അവിടത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. പ്രതിപക്ഷ പാർട്ടികളും മതനിരപേക്ഷ പാർട്ടികളും ബിജെപിക്കെതിരായി ഒന്നിക്കണം. രാജ്യത്ത് ആകെ ഒരു പ്രതിപക്ഷ ഐക്യം എന്നത് സാധ്യമാകില്ല.
ഓരോ സംസ്ഥാനത്തും ബിജെപിക്കെതിരായ കൂട്ടുകെട്ടുകൾ ഉണ്ടാക്കണം. എന്നാൽ, കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് ഈ ഐക്യത്തിന് ഗുണപരമല്ല. കർണാടക സത്യപ്രതിജ്ഞയ്‌ക്ക് കേരള മുഖ്യമന്ത്രിയെ ക്ഷണിച്ചില്ല. തെല്ലങ്കാന മുഖ്യമന്ത്രിയെയും ക്ഷണിച്ചില്ല. തെലങ്കാനയിൽ തിരഞ്ഞെടുപ്പ് വരികയാണ്. അവിടെ ടിആർഎസും ബിജെപി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. കർണാടകയിലെ സത്യപ്രതിജ്ഞയ്‌ക്ക് സിപിഎമ്മിന് ക്ഷണം കിട്ടി. കേരളത്തോട് സ്വീകരിച്ച നിലപാട് ശരിയായില്ല.
Comments