നടൻ ശരത് ബാബു അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ചികിത്സയിൽ കഴിയവെ 72-ാം വയസിലായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും നാളുകളായി ഹൈദരബാദിലെ എഐജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആന്തരിക അവയവങ്ങൾ പ്രവർത്തന രഹിതമായതിനെ തുടർന്ന് വെന്റിലേറ്ററിൽ കഴിയവെയാണ് അന്ത്യം. മെയ് മാസം ആദ്യ വാരമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവമായിരുന്നു നടൻ. ആന്ധ്രാപ്രദേശിലെ അമദലവലസയിൽ 1951-ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സത്യനാരായൺ ദീക്ഷിത് എന്നായിരുന്നു ആദ്യ പേര്. 1973ൽ സിനിമാ മേഖലയിൽ എത്തിയതോടെയാണ് അദ്ദേഹം ശരത് ബാബുവായി മാറിയത്. രാമരാജ്യം എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അഭിനയത്തിലേയ്‌ക്കുള്ള ചുവടുവയ്പ്പ്. പിന്നീട് നാല് വർഷത്തിനുള്ളിൽ അദ്ദേഹം തമിഴ് സിനിമകളിലേക്കും എത്തിയിരുന്നു.
Comments