തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകൾ വഴി പിഴയീടാക്കുന്നത് ഇന്ന് രാവിലെ എട്ടുമുതൽ ആരംഭിക്കും. നിലവിൽ സ്ഥാപിച്ച 726 ക്യാമറകളിൽ 692 എണ്ണം പ്രവർത്തന സജ്ജമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഇന്ന് രാവിലെ എട്ടുമണി മുതൽ ക്യാമറയിൽ പതിയുന്ന എല്ലാ നിയമലംഘനങ്ങൾക്കും പിഴ ഈടാക്കി തുടങ്ങും. നിയമലംഘനങ്ങൾക്ക് നോട്ടീസ് തപാൽ മാർഗമാണ് നൽകുക. നിയമലംഘനങ്ങൾ എസ്എംഎസ് ആയി ലഭിക്കുന്ന സംവിധാനം ഉടൻ ഉണ്ടാകില്ല.
ഇരുചക്ര വാഹനങ്ങളിൽ മൂന്നാം യാത്രക്കാരനായി 12 വയസിൽ താഴെയുള്ള കുട്ടികളെ കൊണ്ടുപോകുന്നത് താൽക്കാലികമായി അനുവദിക്കും. എന്നാൽ നാലു വയസ്സിനു മുകളിലുള്ള കുട്ടികൾക്കും നിയമപ്രകാരം ഹെൽമറ്റ് നിർബന്ധമാണ്.
എന്നാൽ മന്ത്രിമാർ ഉൾപ്പെടെയുള്ള വിവിഐപികൾക്ക് പ്രത്യേക പരിഗണന നൽകും. അമിത വേഗം അടക്കമുളള നിയമ ലംഘനങ്ങളിൽ നിന്നും മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കി നൽകും. ഇത്തരത്തിൽ പിഴയിൽ നിന്നും ഒഴിവാക്കേണ്ട വാഹനങ്ങളുടെ പട്ടിക ഗതാഗത വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.
എഐ ക്യാമറ വിവാദം കത്തി നിൽക്കുന്ന സമയത്താണ് ഇത്തരത്തിൽ ക്യാമറയിലൂടെ പിഴയീടാക്കാൻ ശ്രമിക്കുന്നതെന്നതാണ് ശ്രദ്ധേയം. ക്യാമറ വാങ്ങിയതിലെ അഴിമതി ചൂണ്ടിക്കാട്ടി ബിജെപിയും പ്രതിപക്ഷവും ഉയർത്തിയ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. വകുപ്പ് തല അന്വേഷണങ്ങൾ നടത്തി കണ്ണിൽ പൊടിയിടാൻ സർക്കാർ ശ്രമിച്ചെങ്കിലും ബിജെപി ഉൾപ്പെടെയുള്ള കക്ഷികൾ സംഭവത്തിൽ പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ല.
Comments