ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ക്ഷേത്രങ്ങളിൽ അൽപ വസ്ത്രധാരികൾക്ക് വിലക്കേർപ്പെടുത്തി. ഹരിദ്വാറിലെ പ്രശസ്തമായ ദക്ഷപ്രജാപതി ക്ഷേത്രത്തിലേക്കും ഋഷികേശിലെ നീലകണ്ഠ ക്ഷേത്രത്തിലും ഇനി അൽപ്പ വസ്ത്രധാരികൾക്ക് പ്രവേശനം അനുവദിക്കില്ല.
പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്ന ഭക്തർ മാന്യമായ വസ്ത്രം ധരിക്കണമെന്ന് ഹരിദ്വാറിലെ മഹാനിർവാണി അഖാഢ സെക്രട്ടറി മഹന്ത് രവീന്ദർ പുരി പറഞ്ഞു. ക്ഷേത്രങ്ങളുടെ അന്തസ്സ് നിലനിർത്താൻ ലക്ഷ്യമിട്ടുള്ള ഈ പുതിയ നിയന്ത്രണം, സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ ബാധകമാണ്. മിനി സ്‌കേർട്ട്, ഷോർട്‌സ്, കീറിയ തരത്തിലുള്ള ജീൻസുകൾ തുടങ്ങിയ വസ്ത്രങ്ങൾക്ക് നിരോധിച്ചതിൽ ഉൾപ്പെടുന്നു.
അർദ്ധനഗ്‌ന വസ്ത്രം ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ച പെൺകുട്ടികളുടെ ചിത്രം കഴിഞ്ഞ ദിവസം ഏറെ ചർച്ചയായിരുന്നു. ഹിമാചൽ പ്രദേശിലെ കംഗ്രയിലുള്ള ബാബ ബൈജ്‌നാഥ് ശിവക്ഷേത്രത്തിലാണ് പാശ്ചാത്യ വസ്ത്രങ്ങൾ അണിഞ്ഞ് പെൺകുട്ടികൾ ദർശനത്തിനെത്തിയത്. നടി കങ്കണ റണാവത്ത് അടക്കമുള്ളവർ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചവരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കരുതെന്ന നിലപാടാണ് കങ്കണ സ്വീകരിച്ചത്.
Comments