തിരുവനന്തപുരം: കേരളാ യൂണിവേഴ്സിറ്റി യൂണിയന് തിരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍മാരായി അനര്‍ഹരെ തിരഞ്ഞെടുത്തതില്‍ അധികവും ബിഎഡ് കോളേജുകള്‍. യൂണിയന് കൗണ്‍സിലറായി മത്സരിക്കുന്നതിനുള്ള പ്രായപരിധി 22 വയസാണ്. ബിഎഡ് ബിരുദാനന്തര ബിരുദ കോഴ്സ് എന്ന നിലയില്‍ കണക്കാക്കി വയസിളവ് നല്‍കിയതാണ് പ്രശ്നങ്ങള്‍ക്കു തുടക്കം. ബിഎഡ് ബിരുദ കോഴ്സ് ആണെന്നിരിക്കെയാണ് കള്ളക്കളികള്‍ തുടരുന്നത്.
39 കൗണ്‍സിലര്‍മാരെയാണ് അയോഗ്യരായി സിന്‍ഡിക്കേറ്റ് മുന്‍പ് കണ്ടെത്തിയിരുന്നത്. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ നടത്തിയ ആള്‍മാറാട്ടത്തെ തുടര്‍ന്ന് മറ്റ് കോളേജുകളില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയരിക്കുന്നത്. പ്രായ, വിദ്യാഭ്യാസ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ പരിശോധിക്കവെയാണ് ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്. കൗണ്സിലര്മാരായവരില് 27 പേര് പ്രായപരിധി കഴിഞ്ഞവരും 12 പേര് കോഴ്സ് പൂര്‍ത്തിയാക്കിയവരുമാണ്. ഇവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിച്ചതിന് പിന്നിലെ കാരണം വിശദീകരിക്കേണ്ടത് കോളേജ് പ്രിന്‍സിപ്പല്‍മാരും ഭരണാധികാരികളുമാണ്. ക്രമക്കേട് കാട്ടി കൗണ്സിലര്മാരായവരുടെ പദവി ഒഴിച്ചിടുകയും ഇവരെ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്യും.
ലിങ്ദോ കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരം പ്രായപരിധി കഴിഞ്ഞവര്‍ക്കും കോഴ്സ് പൂര്‍ത്തിയാക്കി ടിസി വാങ്ങിയവര്‍ക്കും മത്സരിക്കാന്‍ സാധിക്കില്ല. സര്‍വകലാശാല ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ് വിവരങ്ങള്‍ നല്‍കാത്ത 30 കോളേജുകള്‍ക്ക് നോട്ടീസ് നല്‍കിത്തുടങ്ങി. കോളേജ് പ്രിന്‍സിപ്പല്‍മാര്‍ ഇത് സംബന്ധിച്ച് അടിയന്തിരമായി വിശദീകരണം ഇ-മെയില്‍ മുഖേന നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. മൂന്ന് ദിവസത്തിനകം വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയ കോളേജുകളില്‍ നിന്നുള്ള കൗണ്‍സിലര്‍മാര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്നത് സംബന്ധിച്ചും പരിഗണനാ വിഷയമാണ്. വിവരങ്ങള്‍ കൈമാറാത്ത എല്ലാ കോളേജുകള്‍ക്കെതിരെയും സാദ്ധ്യമായ എല്ലാ നടപടികളും കൈക്കൊള്ളാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം. യൂണിയന് തിരഞ്ഞെടുപ്പിന്റെ വിവരങ്ങള്‍ തേടി മുന്‍പ് സര്‍വകലാശാല അയച്ച ഇ-മെയില്‍ കണ്ടില്ലെന്ന വിചിത്ര വിശദീകരണവും ചില പ്രിന്‍സിപ്പല്‍മാര്‍ നല്‍കിയിരുന്നു.
Comments