മലപ്പുറം: ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചു വീണ് സ്കൂൾ വിദ്യാർത്ഥിനികൾക്ക് പരിക്ക്. തിരൂരങ്ങാടി വെന്നിയൂരിൽ പൂക്കിപ്പറമ്പ് വാളക്കുളം കെ എച്ച് എം എച്ച് എസ് സ്കൂളിലെ നാല് വിദ്യാർത്ഥിനികൾക്കാണ് ബസിൽ നിന്നും വീണ് പരിക്കേറ്റത്. വെന്നിയൂർ കാപ്രാട് സ്വദേശി ചക്കംപറമ്പിൽ മുഹമ്മദ് ഷാഫിയുടെ മകൾ ഫാത്തിമ ഹിബ, വെന്നിയൂർ മാട്ടിൽ സ്വദേശി കളത്തിങ്ങൽ ഹബീബിന്റെ മകൾ ഫിഫ്ന, കാച്ചടി സ്വദേശി കല്ലുങ്ങൽ തൊടി അഷ്റഫിന്റെ മകൾ ഫാത്തിമ ജുമാന, കരുബിൽ സ്വദേശി കാളങ്ങാട്ട് ബബീഷിന്റെ മകൾ അനന്യ എന്നിവരാണ് സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങവെ ബസിൽ നിന്നും റോഡിലേക്ക് വീണത്.
ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. കോട്ടക്കലിൽ നിന്ന് പരപ്പനങ്ങാടിയിലേക്കുള്ള എൻകെബി ബസിൽ നിന്നാണ് വിദ്യാർത്ഥിനികൾ തെറിച്ച് വീണത്. മുൻ വശത്തെ വാതിലിലൂടെ കുട്ടികൾ പുറത്തേക്ക് വീഴുകയായിരുന്നു. സംഭവസമയം ബസ് അമിത വേഗതത്തിലായിരുന്നുവെന്ന് നാട്ടുകാർ വ്യക്തമാക്കി. വിദ്യാർത്ഥിനികളെ ആദ്യം വെന്നിയൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ഇവിടെ നിന്നും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. ബസ്സിന്റെ ഡോറിൽ ഉൾപ്പെടെ അപാകത കണ്ടെത്തിയതിനെ തുടർന്ന് ബസ്സിന്റെ ഫിറ്റ്നസ് റദ്ദാക്കുകയും ചെയ്തു. അശ്രദ്ധയോടുകൂടിയ ഡ്രൈവിംഗിനും, ഡോറിന്റെ സുരക്ഷ ഉറപ്പുവരുത്താതെ ബസ് ഓടിച്ചതിനും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തിട്ടുണ്ട്.
Comments