ആലപ്പുഴ; ചമ്പക്കുളം മൂലം വള്ളം കളിക്കിടെ സ്ത്രീകൾ തുഴഞ്ഞ വള്ളം മറിഞ്ഞ് അപകടം. ഇന്ന് വൈകിട്ടായിരുന്നു അപകടം. ചമ്പക്കുളം സിഡിഎസ് തുഴഞ്ഞ കാട്ടിൽതെക്കേത് വള്ളമാണ് മുങ്ങിയത്. 25ൽ അധികം ആളുകൾ വള്ളത്തിൽ ഉണ്ടെന്നാണ് പ്രാഥമിക വിവരം.
വനിതകളുടെ ഫൈനൽ മത്സരം പൂർത്തിയാവുന്നതിനു മുമ്പ് തന്നെ ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനൽ നടത്തിയതാണ് വള്ളം മുങ്ങാൻ കാരണമായത്. സംഘാടക സമിതിക്ക് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം.എല്ലാവരെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചെന്നാണ് വിവരം. മിക്കവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നാട്ടുകാരുടെ രക്ഷാപ്രവർത്തനമാണ് വൻ ദുരന്തമൊഴിവാക്കിയത്.
ചമ്പക്കുളം സർക്കാർ ആശുപത്രിയിലേക്കാണ് പരിക്കേറ്റവരെ കൊണ്ടുപോയിരിക്കുന്നത്. സംഭവ സ്ഥലത്ത് മന്ത്രി പി.പ്രസാദ് അടക്കമുള്ളവർ ഉണ്ടെന്നാണ് വിവരം.വള്ളം മറിഞ്ഞതിനെ തുടര്‍ന്ന് കളക്ടര്‍ മത്സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
Comments