എറണാകുളം: ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും കൂടുതൽ ആരാധകരുളള ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ 2023 – 2024 പ്രീ സീസണിന്റെ ഷെഡ്യൂൾ പുറത്ത്. ജൂലൈ 10 ന് കൊച്ചി പനമ്പിള്ളി നഗറിൽ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പ്രീ സീസൺ ക്യാമ്പ് ആരംഭിക്കുക. എന്നാൽ, ഈ ക്ലബ്ബ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
15 ദിവസം യു എ ഇയിൽ പ്രീസീസൺ പര്യടനം നടത്തുന്ന കൊമ്പൻമാർ ചുരുങ്ങിയത് മൂന്ന് സൗഹൃദ മത്സരങ്ങൾ യു എ ഇ യിൽ കളിക്കുമെന്നാണ് പുറത്തുവന്ന വിവരങ്ങളിലൂടെ ആരാധകർ കരുതുന്നത്. ജൂലൈ 10 ന് കൊച്ചിയിൽ ആരംഭിക്കുന്ന പ്രീ സീസൺ ക്യാമ്പിനു ശേഷം ഓഗസ്റ്റ് മൂന്ന് മുതൽ 2023 ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കളിക്കും. ഡ്യൂറന്റ് കപ്പിൽ മൂന്ന് മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തിൽ ടീമിനുണ്ടാകുക.
2023ലെ ഡ്യൂറന്റ് കപ്പ് മുൻവർഷങ്ങളെക്കാൾ വ്യത്യസ്തമാണ്. വിദേശ ടീമുകൾ 27 വർഷത്തെ ഇടവേളയ്ക്കു ശേഷം ഡ്യൂറന്റ് കപ്പിൽ പന്തുതട്ടും. ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് ടീമുകളാണ് 2023ലെ ഡ്യൂറന്റ് കപ്പിൽ മത്സരിക്കുക. ഇന്ത്യയിൽ നിന്നുള്ള 21 ഉം വിദേശത്തുനിന്നുള്ള മൂന്നും അടക്കം ആകെ 24 ടീമുകളാണ് 2023 ഡ്യൂറന്റ് കപ്പിൽ ഉണ്ടാകുക. 2022 ഡ്യൂറന്റ് കപ്പിനെ അപേക്ഷിച്ച് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സീനിയർ ടീമിനെയായിരിക്കും അയയ്ക്കുക എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
Comments