രജനികാന്ത് ആരാധകരും മോഹൻലാൽ ആരാധകരും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ’. പ്രഖ്യാപനം മുതൽക്കെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകളും ടീസറും ഗാനവും ഇരു കയ്യും നീട്ടിയാണ് സിനിമാ പ്രേമികൾ സ്വീകരിച്ചത്. ഇപ്പോഴിതാ, തിയറ്ററുകളിൽ തരംഗം തീർക്കാനൊരുങ്ങുന്ന ചിത്രത്തിന്റെ സിംഗിൾ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. തലൈവരുടെ മാസ് ഡയലോഗുകൾ കോർത്തിണക്കിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ വൈറലായി.
ഓഗസ്റ്റ് 10-നാണ് ജയിലർ റിലീസ് ചെയ്യുന്നത്. മാസ് ലുക്കിൽ തലൈവർ എത്തുമ്പോൾ വിന്റേജ് ലുക്കിൽ മോഹൻലാലും എത്തുന്നു. രമ്യാ കൃഷ്ണനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പടയപ്പ എന്ന ചിത്രത്തിന് ശേഷം രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘മുത്തുവേൽ പാണ്ഡ്യൻ’ എന്ന കഥാപാത്രമായാണ് ജയിലറിൽ രജനികാന്തിന്റെ വരവ്.
കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ഐശ്വര്യ റായ്, ശിവകാർത്തികേയൻ, തമന്ന, തൃഷ, പ്രിയങ്കാ മോഹൻ, യോഗി ബാബു, വിനായകൻ എന്നിങ്ങനെ വലിയ താരനിയാണ് ജയിലറിൽ അണിനിരക്കുന്നത്. സൺ പിക്ച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സ്റ്റണ്ട് ശിവയാണ് ആക്ഷൻ കൊറിയോഗ്രാഫർ.
Comments