ചെന്നൈ: അഴിമതിയുടെ കാര്യത്തിൽ ഡിഎംകെയുടെ പാർട്ട് ബി ആണ് പിണറായി സർക്കാർ എന്ന് തമിഴ്നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. തമിഴ്നാട്ടിലും കേരളത്തിലും നടക്കുന്നത് കുടുംബ ഭരണമാണെന്നും അണ്ണാമലൈ തുറന്നടിച്ചു. ജനം ടിവിയുടെ തമിഴ് ഡിജിറ്റൽ പ്ലാറ്റ് ഫോം ഉദ്ഘാടനം ചെയ്തതിനു ശേഷം പ്രതികരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ. തമിഴ്നാട് രാഷ്ട്രീയത്തിൽ ഒരു ക്ലീൻ പൊളിറ്റിക്സ് ഇന്ന് ആവശ്യമാണ്. വലിയ ഒരു മാറ്റം തമിഴ്നാട് രാഷ്ട്രീയത്തിൽ ഉണ്ടാകണം. അങ്ങനെയൊരു മാറ്റം വരുത്താൻ ബിജെപിയെ കൊണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊണ്ടും മാത്രമെ സാധിക്കുകയുള്ളൂ എന്ന് തമിഴ് ജനത തിരിച്ചറിയുന്നു. അഴിമതിക്കെതിരെ തമിഴകത്ത് ബിജെപി ശബ്ദിക്കും. ജൂലൈ 28-ന് ‘എൻ മൺ എൻ മക്കൾ’ എന്ന പേരിൽ പദയാത്ര ബിജെപി സംഘടിപ്പിക്കുകയാണ്. തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളിലൂടെയും ബിജെപി യാത്ര നടത്തും.
തമിഴ്നാട്ടിൽ ഒരു ക്ലീൻ പൊളിറ്റിക്സ് വരേണ്ടതിന്റെ പ്രാധാന്യവും ഒമ്പത് വർഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി സൃഷ്ടിച്ച അത്ഭുതകരമായ വികസന പ്രവർത്തനങ്ങളും തമിഴ്നാടിനും തമിഴ്മക്കൾക്കും അദ്ദേഹം നൽകിയ ആദരവും ജനങ്ങളെ ബിജെപി ബോധ്യപ്പെടുത്തും. തമിഴ്നാടിനെ അഴിമതി മുക്തമാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. അത് വലിയ ഒരു യുദ്ധമാണ്. ആ യുദ്ധം ചെയ്യാൻ തമിഴ്നാട് ബിജെപി എല്ലാ രീതിയിലും ഒരുങ്ങി കഴിഞ്ഞു. ഡിഎംകെയുടെ അഴിമതികൾ എല്ലാം ബിജെപി പുറത്തുകൊണ്ടുവരും. മാത്രമല്ല, ഏകീകൃത സിവിൽ കോഡ് രാജ്യത്ത് വരേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ ബോധ്യപ്പെടുത്തും. എല്ലാ ജനങ്ങളും യുസിസിയെ സ്വീകരിക്കുന്നുണ്ട്. ചില രാഷ്ട്രീയ പാർട്ടികളാണ് ഇതിനെതിരെ സംസാരിക്കുന്നത്. തമിഴ്നാട്ടിൽ ഡിഎംകെ യുസിസിയെ എതിർക്കുന്നു. വിഭജിച്ച് ഭരിക്കുക എന്നതാണ് ഡിഎംകെയുടെ ലക്ഷ്യം. അതിനാലാണ് അവർ ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നത്. ഏകീകൃത സിവിൽ കോഡിന്റെ കരട് വിജ്ഞാപനം വരുന്നതോടെ എല്ലാവർക്കും അതെന്താണെന്ന് ബോധ്യപ്പെടും.
കേരളം മനോഹരമായ, സൗഹൃദപരമായ ഒരു സംസ്ഥാനമാണ്. ദൈവത്തിന്റെ സ്വന്തം നാടാണ്. കഴിഞ്ഞ 17 വർഷമായി ഞാൻ ശബരിമലയിൽ ദർശനം നടത്തുന്ന വ്യക്തിയാണ്. അതിനാൽ തന്നെ കേരളവുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നു. കേരളത്തിന്റെ പല പ്രദേശങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. സാധാരണക്കാരായ, സ്വന്തം സംസ്കൃതിയെ ചേർത്തു പിടിക്കുന്ന ജനങ്ങളാണ് കേരളത്തിലുള്ളത്. കേരളത്തിനാവശ്യം നല്ലൊരു സർക്കാരാണ്. അഴിമതി രഹിത ഭരണവും വികസനവുമാണ് കേരളത്തിനാവശ്യം. ഇപ്പോഴത്തെ കമ്യൂണിസ്റ്റ് സർക്കാർ എന്താണ് ചെയ്യുന്നത്. ഡിഎംകെയുടെ പാർട്ട് ബി ആണ് കേരളത്തിലെ പിണറായി സർക്കാർ. ഡിഎംകെയുടേത് പോലെ തന്നെ കുടുംബ ഭരണമാണ് കേരളത്തിലും നടക്കുന്നത്. മുഖ്യമന്ത്രിയും മരുകനുമാണ് കേരളം ഭരിക്കുന്നത്. കേരളാ രാഷ്ട്രീയത്തിലും ബിജെപി മാറ്റം സൃഷ്ടിക്കും- എന്നും കെ. അണ്ണാമലൈ ജനം ടിവിയോട് പ്രതികരിച്ചു.
Comments