ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനം ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ ശക്തിയും ചലനാത്മകതയും വർദ്ധിപ്പിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ജി 20 അജണ്ട സജീവമായി മുന്നോട്ട് കൊണ്ടുപോകാനുള്ള ഇന്ത്യയുടെയും അമേരിക്കയുടെയും പ്രതിബദ്ധതയാണ് ഞങ്ങളുടെ ജി 20 ചർച്ചകൾ ഉയർത്തിക്കാട്ടുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിർമ്മല സീതാരാമൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
‘താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളുടെ കടബാധ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, ക്രിപ്‌റ്റോ അവതരിപ്പിക്കുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തൽ, ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ എന്നിവ വികസന സഹകരണത്തിലൂടെയും പുതിയ നിക്ഷേപങ്ങളിലൂടെയും ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങളുടെയും ശക്തമായ പങ്കാളിത്തം പരിപോഷിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഞങ്ങൾ പ്രയോജനപ്പെടുത്തും’കേന്ദ്രമന്ത്രി പറഞ്ഞു.
‘ചരിത്രപരമായ സന്ദർശനം ഇരുരാജ്യങ്ങളുടെ സഹകരണത്തിന്റെ പുതിയ മാർഗങ്ങൾക്ക് വഴിയൊരുക്കി. ഞങ്ങളുടെ പങ്കാളിത്തം കൂടുതൽ ഉയരത്തിലേക്ക് നയിക്കും.
ഉഭയകക്ഷി ബന്ധങ്ങളിലൂടെ മെച്ചപ്പെട്ട പ്രയോജനങ്ങൾ നേടാനായി ഞങ്ങൾ വീണ്ടും പ്രയത്‌നിക്കും. സാമ്പത്തിക വളർച്ചയ്‌ക്ക് വേണ്ടി സജീവമായി പ്രയത്‌നിക്കുന്നു. ഇന്ത്യയുടെ പങ്കാളിത്തം സമ്പന്നമായ ഒരു ഭാവി സൃഷ്ടിക്കും. ലോകമെമ്പാടും ഒരു നല്ല മാറ്റം സംഭവിക്കുന്നതിന് ഇത് വഴിയൊരുക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും ജി 20 യോഗം ഇന്നും നാളെയുമായി ഗാന്ധിനഗറിൽ നടക്കും.
Comments